ഡൽഹി: ഡൽഹി ആലിപ്പൂരിലെ പെയിന്‍റ് ഫാക്ടറിയിൽ തീപിടിച്ച് 11 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
ഇന്നലെ വൈകീട്ട് 5.30ഓടെയാണ് സംഭവം. ഫാക്ടറിയിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ ഏതാനും കടകൾക്കും വീടുകൾക്കും തീപിടിച്ചു. ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
ഫാക്ടറിയിൽ തീപിടിത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാല് മണിക്കൂർ പരിശ്രമത്തിന് ശേഷമാണ് ഫയർ ഫോഴ്സ് തീയണച്ചത്. മൃതദേഹങ്ങൾ ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്ക് മാറ്റി.