തിരുവനന്തപുരം: സിനിമയിൽ മാത്രം കാണാറുളള സംഭവങ്ങളാണ് സിനിമാക്കാരനായ മന്ത്രി കെ.ബി. ഗണേഷ് കുമാറിൻെറ വകുപ്പിൽ നടക്കുന്നത്. എല്ലാം ശരിയാക്കിയേ അടങ്ങൂ എന്ന് കരുതി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്ന ഗണേഷ് കുമാറിനോട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരൊന്നും സഹകരിക്കുന്നില്ല.
സിവിൽ സർവീസ് ഉദ്യോഗസ്ഥരെല്ലാം നിത്യവും ഉടക്കാണ്. കെ.എസ്.ആർ.ടി.സി മാനേജിങ്ങ് ഡയറക്ടറും ഗതാഗത വകുപ്പ് സെക്രട്ടറിയുമായ ബിജു പ്രഭാകർ മന്ത്രിയുമായി പിണങ്ങി അവധിക്ക് പോയിട്ട് ഇന്ന് പത്ത് ദിവസമായി.
ശനിയാഴ്ച  മടങ്ങിവന്നാലും കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാൻ ഇല്ലെന്നാണ് ബിജു പ്രഭാകറിൻെറ തീരുമാനം. ഡ്രൈവിങ്ങ് സ്കൂൾ വിഷയത്തിൽ മന്ത്രിയുമായി കലഹിച്ച ഗതാഗത കമ്മീഷണർ എ.ഡി.ജി.പി എസ്.ശ്രീജിത്തും ഏത് നിമിഷവും പദവി ഒഴിയാനുളള മൂഡിലാണ്.

പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന പോലെയാണ് മന്ത്രിയുടെ പരിഷ്കാരമെന്നാണ് ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിലെ അടക്കം പറച്ചിൽ. പഴയ മന്ത്രി ആൻെറണി രാജു ചെയ്തതെല്ലാം തെറ്റെന്ന് വരുത്തി തീർക്കാൻ മന്ത്രി തങ്ങളെ ബലിയാടാക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. സർക്കാർ തുടർച്ചയാണെന്ന് മന്ത്രി മനസിലാക്കിയാൽ തീരുന്ന പ്രശ്നമേയുളളുവെന്നും അവർ പറയുന്നു.

എന്നാൽ ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന പ്രസ്താവന പൊളിക്കാൻ കെ.എസ്.ആർ.ടി.സി തലപ്പത്ത് നിന്ന് ഗൂഢാലോചന നടന്നുവെന്നാണ് മന്ത്രി ഗണേഷ് കുമാറിൻെറ സംശയം. ഇ-ബസ്  ലാഭമാണെന്ന് സ്ഥാപിക്കുന്ന റിപോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഇതിൻെറ തെളിവ് ആണെന്നും ഗണേഷ് കുമാർ സംശയിക്കുന്നു.
റിപോർട്ട് ചോർന്നതിനെ കുറിച്ച് അപ്പോൾ വിദേശ പര്യടനത്തിലായിരുന്ന ബിജു പ്രഭാകറിനോട് വാട്സാപ്പിൽ ആരാഞ്ഞപ്പോൾ സ്ഥലത്തില്ല, വന്നിട്ട് സംസാരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് ഗണേഷ് കുമാറിൻെറ ഓഫീസ് നൽകുന്ന വിശദീകരണം.
മുൻ മന്ത്രി ആൻറണി രാജു ഇ-ബസ് ഉൽഘാടനം അറിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ട് വ്യാഴാഴ്ച നടത്തിയ പ്രതികരണവും യാദൃശ്ചികമല്ലെന്നാണ് ഗണേഷ് കുമാറിൻെറ ടീമിൻെറ സംശയം.ഉൽഘാടനത്തിന് മുൻപേ മാധ്യമങ്ങളെയും കൂട്ടി ആൻറണി രാജു ബസ് കാണാൻ വന്നതാണ് തെളിവായി ചൂണ്ടിക്കാട്ടുന്നത്.

മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് വകുപ്പിനെ വിവാദ ഛായയിൽ നിർത്താൻ ആസൂത്രിത നീക്കം നടക്കുന്നതായും അവർ കരുതുന്നു. മന്ത്രിയും ബിജു പ്രഭാകറുമായുളള ഭിന്നതയും ഗതാഗത കമ്മീഷണറുമായുളള ചൂടൻ വാക്കുതർക്കവും നിത്യവും മാധ്യമ വാർത്തയാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടും എന്നാണ് സൂചന.

ബിജു പ്രഭാകറിനെ കെ.എസ്.ആർ.ടി.സി തലപ്പത്ത് നിന്നും ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ശഠിക്കുന്ന ഗണേഷ് കുമാറിനോട് മുഖ്യമന്ത്രി യോജിച്ചില്ലെങ്കിൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാകും. കോർപ്പറേഷൻ തലപ്പത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകറും ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.
പദവി ഒഴിയാന്‍ താൽപര്യം അറിയിച്ചിട്ടില്ലെങ്കിലും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തും ഭരണ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ ആരാധക കൂട്ടമുളള ഗണേഷ് അവരുടെ കൈയ്യടി കിട്ടാൻ വേണ്ടിയാണ് പരസ്യ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് സി.പി.എം നേതാക്കൾക്ക് പരാതിയുണ്ട്. സോഷ്യൽ മീഡിയയിൽ മികച്ച പ്രതിഛായയുളള ഗണേഷിനോട് നേതാക്കൾക്കും മന്ത്രിമാർക്കും കടുത്ത അസൂയയുണ്ട്.

പഴ്സണൽ സ്റ്റാഫിൻെറയും മറ്റും മുന്നിൽ വെച്ച്  പരസ്യമായി ശകാരിച്ചതാണ് ഗതാഗത കമ്മീഷണർ എസ് ശ്രീജിത്തും മന്ത്രിയും തമ്മിലുളള അകല്‍ച്ചയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ഡ്രൈവിങ്ങ് സ്‌കൂള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ മന്ത്രി അപമാനിച്ചതിലെ അമര്‍ഷം കമ്മീഷണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ട്.

അതേസമയം ചേംബറില്‍ കയറി കമ്മീഷണര്‍ മന്ത്രിയെ വിരട്ടിയെന്നാണ് ഗണേഷ് കുമാറിൻെറ ഓഫീസിൻെറ ആരോപണം. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നായതോടെ ഉഗ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇരുവരേയും തണുപ്പിച്ചത്. മന്ത്രിയും കമ്മീഷണറും തമ്മിലുളള വഴക്ക് വിവരം അപ്പോൾ തന്നെ മാധ്യമങ്ങളിലുമെത്തി. ഇതിന് പിന്നിലും ആൻറണി രാജു അനുകൂലികളായ ഉദ്യോഗസ്ഥ മേധാവികളുടെ പങ്കുണ്ടെന്ന് ആക്ഷേപമുണ്ട്.
ഇ-ബസ് ഉൽഘാടന ചടങ്ങിന് മുൻമന്ത്രി ആൻറണി രാജുവിനെ ക്ഷണിച്ചില്ലെന്ന പരാതിയിലും ഉൽഘാടന വേദി വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റിയെന്നുമുളള ആക്ഷേപത്തിലും മന്ത്രി ഗണേഷ് കുമാറിൻെറ ഓഫീസ് വിശദീകരണ കുറിപ്പ് ഇറക്കി. ഉൽഘാടന ചടങ്ങ് സംഘടിപ്പിച്ചത് നഗരസഭയും സ്മാർട്ട് സിറ്റി ലിമിറ്റഡും ചേർന്നാണെന്നും ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അച്ചൻകോവിൽ അജിത് പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നത്.
വസ്തുത ഇതായിരിക്കെ വേദി മാറ്റിയത് സംബന്ധിച്ച തെറ്റായ വാർത്ത നൽകിയ മാധ്യമ നടപടിയെ കുറിപ്പിൽ കുറ്റപ്പെടുത്തുന്നുമുണ്ട്. ഇതിൽ നിന്ന് തന്നെ വിശദീകരണം മാധ്യമങ്ങളോടല്ല, ആൻറണി രാജുവിനോടാണെന്ന് വ്യക്തമാണ്. മന്ത്രി അതിഥിയായി മാത്രം പങ്കെടുത്ത പരിപാടിയെകുറിച്ചാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കുറിപ്പ് കുറ്റപ്പെടുത്തുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *