ബംഗളൂരു: സംസ്ഥാനത്ത് വിവാഹങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. അപേക്ഷകര്‍ക്ക് വിവാഹ രജിസ്ട്രേഷന് തടസ്സരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ബെംഗളൂരുവിലെ മല്ലേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സൗകര്യം ആരംഭിച്ചത്. ഇതിന്റെ വീഡിയോ കൃഷ്ണ ബൈരെ ഗൗഡ എക്സില്‍ പങ്കുവച്ചു.
വിവാഹ ക്ഷണക്കത്തുകളും വീഡിയോകളും ആധാര്‍ വിവരങ്ങളും നല്കി ദമ്പതികള്‍ക്ക് അവരുടെ വീട്ടിലിരുന്ന് സര്‍ട്ടിഫിക്കറ്റ് നേടാമെന്നും മന്ത്രി പോസ്റ്റില്‍ പറഞ്ഞു.പ്രഖ്യാപനത്തെ ബിജെപി എംപി തേജസ്വി സൂര്യ പ്രശംസിച്ചത് ശ്രദ്ധേയമായി.
‘വിവാഹ രജിസ്ട്രേഷന് പ്രക്രിയ ഡിജിറ്റലും പൗരസൗഹൃദവുമാക്കുന്നതിനും നവദമ്പതികള്‍ക്ക് അവരുടെ വീട്ടിലിരുന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും വേണ്ടിയുള്ള കൃഷ്ണ ബൈരെ ഗൗഡയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നു,’ ബിജെപി യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായ തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിക്കാനുള്ള ബുദ്ധിമുട്ട് കാരണം ലക്ഷക്കണക്കിന് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത പ്രശ്നത്തെ ഈ നീക്കം പരിഹരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് സബ് രജിസ്ട്രാര്‍ ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല… സുതാര്യതയിലേക്കും സേവന വിതരണത്തിലേക്കും ഒരു ചുവട് കൂടി,’ റവന്യൂ മന്ത്രി എക്സില്‍ എഴുതി.