ഡല്‍ഹി: 2022-23 കാലയളവിൽ ബിജെപിക്ക് ലഭിച്ച സംഭാവനകളുടെ കണക്കുകൾ പുറത്ത്. 720 കോടി രൂപയാണ് ബിജെപിക്ക് ഇക്കാലയളവിൽ സംഭാവന ലഭിച്ചിരിക്കുന്നത്. രാജ്യത്തെ നാല് പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ അഞ്ചിരട്ടിയാണ് ബിജെപിക്ക് മാത്രം ലഭിച്ചത്.
കോൺഗ്രസ്, ആം ആദ്മി പാർട്ടി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർക്ക് ലഭിച്ച മൊത്തം സംഭാവനയുടെ അഞ്ചിരട്ടിയോളം ബിജെപിക്ക് മാത്രമായി ലഭിച്ചുവെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് അതിൻ്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ ആറാമത്തെ ദേശീയ പാർട്ടിയായ ബഹുജൻ സമാജ് വാദി പാർട്ടിക്ക് 2022-23 സാമ്പത്തിക വർഷത്തിൽ 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ 17 വർഷമായി പാർട്ടി തുടർച്ചയായി സംഭാവനകൾ വെളിപ്പെടുത്തുന്നുണ്ട്. രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ 20,000 രൂപയിൽ കൂടുതൽ സംഭാവനയായി ലഭിച്ചാൽ ആ തുക വെളിപ്പെടുത്തണമെന്നാണ് നിയമം.
എഡിആർ റിപ്പോർട്ട് പ്രകാരം ബിജെപിക്ക് 7,945 സംഭാവനകൾ ലഭിച്ചിട്ടുണ്ട്, അതായത് 719.08 കോടി രൂപ. അതേസമയം 894 സംഭാവനകളിലായി 79.92 കോടി രൂപ കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്.
ഇതേ കാലയളവിൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), സിപിഐ (എം) എന്നിവർക്ക് ലഭിച്ച സംഭാവനയുടെ അഞ്ചിരട്ടിയാണ് ബിജെപിക്ക് ലഭിച്ച സംഭാവന. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടി പദവിയുള്ള ഏക രാഷ്ട്രീയ പാർട്ടിയാണ് എൻപിപി.