ലണ്ടന്: യുക്മ ദേശീയ സമിതി 2024 – ൽ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളുടെ തീയതികൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി യോഗമാണ് 2024 ലെ സുപ്രധാന പരിപാടികളുടെ തീയതികൾ തീരുമാനിച്ചത്.
യുകെയിലെ മലയാളി കായിക പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കായികമേള ജൂൺ 29 ശനിയാഴ്ച നടത്തും. കായികമേളയുടെ വേദി പിന്നീട് അറിയിക്കുന്നതാണ്.
യുക്മ പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട യുക്മ കേരളപൂരം വള്ളംകളി ഓഗസ്റ്റ് 31 ശനിയാഴ്ച നടത്തുവാൻ നിശ്ചയിച്ചു. യുക്മ കേരളപുരം വള്ളംകളി ഇക്കുറിയും വൻ ആഘോഷമായി മാറ്റുവാനുള്ള ഒരുക്കങ്ങളിലാണ് യുക്മ നേതൃത്വം.
യുക്മ ദേശീയ കലാമേള നവംബർ 2 ശനിയാഴ്ച നടത്തുന്നതിനും യുക്മ ദേശീയ സമിതിയിൽ തീരുമാനമായി. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഈ ഏറ്റവും വലിയ കലാമത്സരത്തിന് യുകെയിലെ കലാ സ്നേഹികളായ മലയാളികൾ നൽകി വരുന്ന പിന്തുണ അഭിനന്ദനാർഹമാണ്.
യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജണൽ, ദേശീയ കായികമേളകൾ, ആറാമത് യുക്മ കേരളപൂരം വള്ളംകളി, യുക്മ റീജനൽ, ദേശീയ കലാമേളകൾ എന്നിവ വൻ വിജയമാക്കുവാൻ മുഴുവൻ യു കെ മലയാളികളുടെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർഥിച്ചു.