ദോഹ: ചാരവൃത്തി ആരോപിച്ച് ജയിലിലടച്ച ഇന്ത്യയുടെ എട്ട് മുൻ നാവിക സേനാംഗങ്ങളെ വിട്ടയച്ചതിന് പിന്നാലെ ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെത്തി .
ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ദ്വിദിന സന്ദർശനത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും.
“ഖത്തറുമായുള്ള ചരിത്രപരവും ആഴത്തിൽ വേരൂന്നിയതുമായ ബന്ധങ്ങൾ വീണ്ടും ദൃഢമാക്കി മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി ദോഹയിൽ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വിപുലമായ ചർച്ചകൾ ഖത്തർ നേതൃത്വവുമായി നടക്കും.” വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ എഴുതി.
ഖത്തറിലേക്കുള്ള “ഫലപ്രദമായ” സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റിൽ പറഞ്ഞു. “ദോഹയിൽ വിമാനമിറങ്ങി. ഇന്ത്യ-ഖത്തർ സൗഹൃദം കൂടുതൽ ആഴത്തിലാക്കുന്ന ഫലപ്രദമായ ഖത്തർ സന്ദർശനത്തിനായി കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.