നെതര്‍ലന്‍ഡ്‌സ്: കൈകൾ കോർത്ത് പിടിച്ച് ഒരുമിച്ച് ലോകത്തോട് വിട പറഞ്ഞ് മുൻ പ്രധാനമന്ത്രിയും ഭാര്യയും. നെതർലൻഡ്‌സിൻ്റെ മുൻ പ്രധാനമന്ത്രി ഡ്രൈസ് വാൻ ആഗറ്റും ഭാര്യ യൂജെനിയുമാണ് സ്വമേധയാ മരണത്തെ സ്വീകരിച്ചത്.
ദയാവധത്തിലൂടെയായിരുന്നു ഇരുവരും മരണത്തെ സ്വയം വരിച്ചത്. ഇരുവർക്കും 93 വയസ്സായിരുന്നു. ജന്മനാടായ നിജ്‌മേഗനാണ് ദമ്പതികൾ മരണത്തിനായി തിരഞ്ഞെടുത്തത്.
ദമ്പതിമാർ ഇരുവരും ഏറെ നാളായി രോഗബാധിതരായിരുന്നു എന്നാണ് വിവരങ്ങൾ. ഇക്കാരണത്താൽ ഇരുവരും ദയാവധം തിരഞ്ഞെടുക്കുകയായിരുന്നു. 1977 മുതൽ 1982 വരെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിരുന്നു ഡ്രെെസ്. അവർ സ്ഥാപിച്ച അവകാശ സംഘടനയാണ് ദമ്പതികളുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
`ഞങ്ങളുടെ സ്ഥാപകനും ചെയർമാനുമായ ഡ്രൈസ് വാൻ ആഗറ്റും പത്നിയും ഫെബ്രുവരി അഞ്ച് തിങ്കളാഴ്ച അദ്ദേഹത്തിൻ്റെ ജന്മനാടായ നിജ്മെഗനിൽ വച്ച് ദയാവധം സ്വീകരിച്ചു. കുടുംബവുമായി ആലോചിച്ച് ശേഷമായിരുന്നു അദ്ദേഹം ദയാവധം തിരഞ്ഞെടുത്തത്´- സംഘടന പ്രസ്താവനയിൽ പറയുന്നു.
ഭാര്യ യൂജെനി വാൻ ആഗറ്റുമായി കൈകോർത്ത് പിടിച്ചാണ് അദ്ദേഹം മരണത്തെ പുൽകിയത്. വിവാഹം കഴിഞ്ഞ് 70 വർഷത്തിലേറെ ഇരുവരും ഒരുമിച്ചു ജീവിച്ചു. ഒടുവിൽ ഒരുമിച്ച് മടങ്ങി. `മെെ ഗേൾ´ എന്നായിരുന്നു ഡ്രൈസ് വാൻ ആഗറ്റ് അദ്ദേഹത്തിൻ്റെ പത്നിയെ അഭിസംബോധന ചെയ്തിരുന്നത്. ഇരുവരുടെയും അന്ത്യകർമ്മങ്ങൾ കുടുംബാംഗങ്ങൾ സ്വകാര്യമായി നടത്തിയെന്നാണ് വിവരങ്ങൾ.
2000-ൽ നെതർലാൻഡിൽ ദയാവധം നിയമവിധേയമാക്കി. ഭേദമാക്കാൻ കഴിയാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കോ, നഷ്ടപ്പെട്ട ആരോഗ്യം ഒരിക്കലും തിരിച്ചു വരില്ലെന്ന് ഉറപ്പുള്ളവർക്കോ ദയാവധത്തിന് ആവശ്യപ്പെടാം.
ഏഴു പതിറ്റാണ്ടുകളോളം ഒരുമിച്ച് ജീവിച്ച ദമ്പതികളുടെ മരണ ദിവസവും സമയവും അവർ തന്നെ തിരഞ്ഞെടുത്തു. മേൽനോട്ടങ്ങൾക്കായി ഡോക്ടർമാരുടെ പാനലും ഉണ്ടായിരുന്നു.