ന്യൂ യോർക്ക്: ന്യൂ യോർക്ക് തേർഡ് ഡിസ്ട്രിക്ടിൽ നിന്നു ഡെമോക്രാറ്റ് ടോം സോസി നേടിയ ഉജ്വല വിജയത്തോടെ യുഎസ് കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടി കൂടുതൽ പരുങ്ങലിലായി. ബൈഡൻ ഭരണകൂടത്തെ കൂച്ചുവിലങ്ങിടാൻ വെമ്പൽ കൊള്ളുന്ന പാർട്ടിക്കു പക്ഷെ അതിനുള്ള ഭൂരിപക്ഷം ഇപ്പോൾ 219-213 മാത്രം. ഇപ്പോൾ മൂന്നു സീറ്റ് ഒഴിഞ്ഞു കിടപ്പുമാണ്. അതായത് രണ്ടു റിപ്പബ്ലിക്കൻ അംഗങ്ങൾ വിഘടിച്ചു നിന്നാൽ ആകെ പൊളിഞ്ഞതു തന്നെ.
തലനാരിഴയുടെ ഭൂരിപക്ഷം കൊണ്ട് ഒന്നും നേടാനാവില്ലെന്നു കഴിഞ്ഞയാഴ്ച കണ്ടതുമാണ്. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്ദ്രോ മയോർക്കസിനെ ഇംപീച്ച് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. ചൊവാഴ്ച തന്നെ രണ്ടാം ശ്രമം വിജയിച്ചത് ഒരൊറ്റ വോട്ടിനാണ്.
സോസി ജയിച്ച ന്യൂ യോർക്ക് സീറ്റ് നവംബറിൽ ഹൗസ് തിരിച്ചു പിടിക്കാൻ ഡെമോക്രാറ്റുകൾക്കു ആവശ്യമാവുന്ന സീറ്റുകളിൽ ഒന്നാണ്. സംസ്ഥാനത്തെ അഞ്ചു ഡിസ്ട്രിക്ടുകളിൽ അഞ്ചും 2020ൽ പ്രസിഡന്റ് ബൈഡനു വോട്ട് ചെയ്തിരുന്നു. എന്നാൽ ഈ വർഷം അത് ആവർത്തിക്കുമെന്ന് ഉറപ്പൊന്നുമില്ല.
ബൈഡനോ ഡൊണാൾഡ് ട്രംപിനോ വലിയ ജനപ്രീതിയുള്ള മേഖലയല്ല ന്യൂ യോർക്ക്. സോസിയുടെ വിജയത്തിനു ഒരു പ്രധാന കാരണം അദ്ദേഹം മുൻപ് ഹൗസ് അംഗമായിരിക്കെ നടത്തിയ നല്ല പ്രവർത്തനമാണ്. റിപ്പബ്ലിക്കൻ പാർട്ടി കരിപുരണ്ട ഹൗസ് അംഗം ജോർജ് സാന്റോസിനു പകരം ഇറക്കിയതാവട്ടെ ഒട്ടും അറിയപ്പെടാത്ത സ്ഥാനാർഥിയെയും. മുൻ മേയറും കൗണ്ടി എക്സിക്യൂട്ടീവും കൂടി ആയിരുന്നു സോസി.
ഇരു പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്ന അദ്ദേഹത്തിന്റെ സമീപനവും മെച്ചമായി. അതിർത്തി പ്രശ്നത്തിൽ ബൈഡൻ ഭരണകൂടത്തെ വിമർശിക്കാൻ മടിച്ചില്ല എന്നത് സോസിക്കു ജനപിന്തുണ നൽകിയെന്നു കരുതപ്പെടുന്നു. ന്യൂ യോർക്കിൽ പ്രത്യേകിച്ചും ആളിപ്പിടിച്ചു നിൽക്കുന്ന ഈ പ്രശ്നത്തിന്റെ പേരിൽ ഡമോക്രാറ്റുകൾ ഭയന്നാണ് നിൽക്കുന്നതെന്നു ഓർക്കണം.
ബൈഡനെ സോസി പ്രചാരണത്തിന് ഇറക്കിയില്ല. അതിർത്തി പ്രശ്നം പരിഹരിക്കാനുള്ള ബിൽ ഹൗസിൽ പൊളിച്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ എതിരാളി മാസി പിലിപ്പിനെ പ്രതിയാക്കാൻ സോസി മറന്നതുമില്ല. സർവേകൾ സൂചിപ്പിച്ചതു അതിർത്തി പ്രശ്നത്തിൽ പിലിപ്പിനു കൂടുതൽ പിന്തുണയുണ്ട് എന്നായിരുന്നു. എന്നിട്ടും സോസിക്കു ആ വെല്ലുവിളി മറികടക്കാൻ കഴിഞ്ഞു എന്നതിൽ ഡെമോക്രാറ്റുകൾക്കു ഏറെ ആശ്വാസമായി.
ട്രംപിന്റെ പിൻതുണ തേടാത്ത പിലിപ് അദ്ദേഹത്തെ പ്രചാരണത്തിനു കൊണ്ടു വന്നിരുന്നില്ല. പിലിപ്പിനെ ട്രംപ് ഇപ്പോൾ വിഡ്ഢിയെന്നു വിളിക്കുന്നു.
സാന്റോസിനോട് 2022ൽ തോറ്റ ഡെമോക്രാറ്റ് റോബർട്ട് സിമ്മർമാൻ ക്വീൻസിൽ നേടിയത് 52% ആയിരുന്നു. നാസോയിൽ 45 ശതമാനവും. സോസി ക്വീൻസിൽ 62% നേടി. നാസോയിൽ നിയമസഭാംഗമാണ് പിലിപ് എങ്കിലും അവിടെയും വമ്പിച്ച നേട്ടമാണ് സോസി കൈവരിച്ചത്.