ഡൽഹി: രാജ്യത്ത് സോഷ്യൽ മീഡിയയിലൂടെ തോക്ക് വിൽപ്പന തകൃതിയായി നടക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലാണ് ചിത്രങ്ങൾ സഹിതം കാട്ടിയുള്ള തോക്ക് വിൽപ്പന. മദ്ധ്യപ്രദേശിലെ ചില സംഘങ്ങളാണ് വിൽപ്പനക്കാർ.
പ്രാദേശികമായി നിർമ്മിക്കുന്ന കള്ളത്തോക്കുകൾ ഹോം ഡെലിവറി ചെയ്യുമെന്നും സോഷ്യൽ മീഡിയയിലെ പരസ്യത്തിലുണ്ട്. സോഷ്യൽ മീഡിയയിലെ തോക്കുവിൽപ്പനയിൽ കേരളം അടക്കം സംസ്ഥാനങ്ങളെല്ലാം ജാഗ്രത പുലർത്തുകയാണ്. നേരത്തേ മെഡിക്കൽ വിദ്യാർത്ഥിനിയെ സുഹൃത്ത് വെടിവച്ചു കൊലപ്പെടുത്തിയ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം തോക്കുള്ളത് ഉത്തർ പ്രദേശിലാണ്. 12.77ലക്ഷം തോക്ക് ലൈസൻസുകളാണ് അവിടെയുള്ളത്.
കേരളത്തിലും ഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക് വെബിലൂടെ കള്ളത്തോക്കുകളുടെ വിൽപ്പന വ്യാപകമാണെന്നാണ് വിവരം. ലൈസൻസില്ലാതെ കൈവശം വയ്ക്കാനും തോന്നിയപോലെ ഉപയോഗിക്കാനും പണം നൽകി തോക്കുകച്ചവടം വ്യാപകമാണ് ഡാർക്ക്നെറ്റിൽ. 
60,000മുതൽ ഒരുലക്ഷം വരെയാണ് നല്ലയിനം തോക്കുകളുടെ വില. സ്വകാര്യ സുരക്ഷാ ഏജൻസികൾ പോലും ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിയതോടെ, കള്ളത്തോക്കുകളുടെ വ്യാപനമുണ്ടായെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
കേരളത്തിൽ തോക്ക് ലൈസൻസെടുക്കാൻ ക്രിമിനൽ പശ്ചാത്തല പരിശോധനയടക്കം നിരവധി കടമ്പകളുണ്ട്. ഇതൊഴിവാക്കാനാണ് ഇന്റർനെറ്റിലെ തോക്കുകച്ചവടം. 
കളക്ടറുടെ മേൽനോട്ടത്തിൽ തോക്കിന്റെ ആവശ്യത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി, ആർ.ഡി.ഒ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവർ അന്വേഷിച്ച ശേഷമേ ലൈസൻസ് കിട്ടൂ. ക്രിമിനൽ പശ്ചാത്തലം, മൃഗങ്ങളെ വേട്ടയാടൽ എന്നിവയും പരിശോധിക്കും. മാനസികാരോഗ്യമുള്ളവരാണെന്ന റിപ്പോർട്ട് വേണം. തോക്ക് ഉപയോഗിക്കാനറിയുമെന്ന് തെളിയിക്കണം. 
വീട്ടിൽ തോക്ക് സൂക്ഷിക്കാൻ ലോക്കർപോലെ സുരക്ഷിതസംവിധാനം വേണം. അന്വേഷണത്തിന് മാസങ്ങളെടുക്കും. അർഹതയുണ്ടെന്ന് കണ്ടാൽ രണ്ടുമാസത്തിനകം ലൈസൻസ് കിട്ടും. ലൈസൻസ് പുതുക്കാനും കളക്ടറുടെ വിചാരണ നേരിടണം. തോക്കുള്ളവരിലേറെയും ജീവന് ഭീഷണിയുള്ളവർ, വൻ സന്പത്തുള്ളവർ, പ്രമുഖ വ്യവസായികൾ, ഉന്നത ഉദ്യോഗസ്ഥർ, വിരമിച്ചവർ, സ്പോർട്സ് താരങ്ങൾ എന്നിവരാണ്.  ലൈസൻസ് കിട്ടിയാൽ അംഗീകൃത വിൽപ്പനശാലയിൽനിന്ന് തോക്കുവാങ്ങി തിരകൾ സഹിതം പോലീസിൽ ഹാജരാക്കി രജിസ്റ്റർ ചെയ്യണം.  
ജയിൽശിക്ഷയനുഭവിച്ചവർ, ക്രിമിനൽകേസിൽ പെട്ടവർ, സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചവർ, മാനസികവൈകല്യമുള്ളവർ, പൊലീസ് സംരക്ഷണം കിട്ടുന്നവർ എന്നിവർക്ക് ലൈസൻസിന് അപേക്ഷിക്കാനാവില്ല. ലൈസൻസുള്ള തോക്ക് സ്വയരക്ഷയ്ക്കേ ഉപയോഗിക്കാനാവൂ. ആരെയും ജീവഹാനി വരുത്താൻ പാടില്ല. ആത്മരക്ഷാർത്ഥം കാൽമുട്ടിന് താഴെയേ വെടിവയ്ക്കാവൂ.
ലംഘിച്ചാൽ ക്രിമിനൽ കുറ്റമാണ്. അഞ്ചുവർഷം വരെയാണ് ലൈസൻസ് കാലാവധി. 500രൂപയാണ് വാർഷിക ഫീസ്. റിവോൾവ‌ർ, പിസ്റ്റൾ, ഡബിൾബാരൽ എന്നിവ വാങ്ങാം. തോക്കിന്റെ മോഡൽ, വലിപ്പം, സീരിയൽനമ്പർ, ബുള്ളറ്റ് തുടങ്ങിയ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. പ്രതിവ‌ർഷം 200ബുള്ളറ്റുകളേ അനുവദിക്കൂ. ഒരുസമയം കൈവശം വയ്ക്കാവുന്നത് നൂറെണ്ണം മാത്രം. അനധികൃത തോക്കുപയോഗത്തിന് രണ്ടു മുതൽ പത്തു വർഷംവരെ തടവുശിക്ഷ കിട്ടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *