കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് വ്യക്തമാക്കി പൊലീസ്. കുടുംബത്തിൻ്റെ മരണം കൊലപാതകം അല്ലെങ്കിൽ ആത്മഹത്യയാകാമെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42)​,​ ഭാര്യ ആലീസ് പ്രിയങ്ക (40)​,​ ഇരട്ടക്കുട്ടികളായ നോഹ (4)​,​ നെയ്‌തൻ (4)​ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആനന്ദും ഭാര്യ ആലീസും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെയാണ് മരണത്തിൽ ദൂരൂഹത ഉയർന്നിരിക്കുന്നത്. 
വീട്ടിലെ ബാത്ത് റൂമിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ എന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല മൃതദേഹങ്ങൾക്ക് അരികിൽ നിന്ന് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
മക്കളായ നോഹയെയും നെയ്‌തനെയും കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ ശരീരത്തിൽ വെടിയേറ്റതിന്റെ മുറിവുകൾ ഉണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 
അതേസമയം വീടിനുള്ളിലേക്ക് പുറത്തുനിന്ന് ആരെങ്കിലും അതിക്രമിച്ച് കടന്നതിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.  സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സാൻ മറ്റെയോ പൊലീസ് അറിയിച്ചിട്ടുണ്ട്.
പൊലീസ് നിഗമനം അറിയിച്ച് ആനന്ദ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്.  2016ൽ വിവാഹമോചനത്തിനായി ആനന്ദും ഭാര്യയും കാലിഫോർണിയയിലെ കോടതിയിൽ അപേക്ഷ നൽകിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാകാം കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *