തൃശൂര്‍: വ്യാജ രേഖയുണ്ടാക്കി സിനിമാ നിര്‍മാണത്തിന് പണം കണ്ടെത്തിയ കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. പാട്ടുരായ്ക്കല്‍ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസി(42)നെയാണ് ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി.ആര്‍. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാജ രേഖകളുണ്ടാക്കി ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയില്‍നിന്നും എട്ട് കോടി 40 ലക്ഷം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. പണം ഉപയോഗിച്ച് സിനിമ നിര്‍മിച്ചെങ്കിലും കാലാവധി കഴിഞ്ഞും പണം തിരികെ നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ അഞ്ചുപേരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളുമുണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്. ഇത്തരത്തില്‍ കബളിപ്പിച്ചതിന്റെ പേരില്‍ പ്രതിക്കെതിരേ ഒരു വര്‍ഷം മുമ്പ് അഞ്ചു ക്രൈം കേസുകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അന്വേഷണ സംഘത്തില്‍ തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി. ആര്‍. മനോജ് കുമാര്‍, ക്രൈം സ്‌ക്വാഡംഗങ്ങളായ എസ്ഐ സുവ്രതകുമാര്‍, എസ്ഐ പി.എം. റാഫി, സീനിയര്‍ സി.പി.ഒ. പളനിസ്വാമി എന്നിവര്‍ ഉള്‍പ്പെടുന്നു.