തെന്നിന്ത്യയിലെ പ്രശസ്ത സന്തോഷ് നാരായണൻ സംഗീതം ചെയ്യുന്ന മലയാള സിനിമയായത് കൊണ്ട് തന്നെ പ്രത്യേക താൽപ്പര്യത്തോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും. ചിത്രത്തിനായി ‘വിടുതൽ’ എന്ന ഗാനവും പശ്ചാത്തല സംഗീതവുമാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ദൃശ്യങ്ങൾക്കും കഥാഗതിക്കും ഒപ്പം മനസ്സിൽ തട്ടുന്ന സംഗീതമാണ് സന്തോഷ് നാരായണന്റേതെന്നാണ് പൊതുവെയുള്ള അഭിപ്രായം. സിനിമ കണ്ട് കഴിഞ്ഞ എല്ലാവരും മ്യൂസിക്കിനെക്കുറിച്ച് പറയുന്നുമുണ്ട്.
ത്രസിപ്പിക്കുന്ന മ്യൂസിക് ഓരോ സീനുകളെയും കൂടുതൽ ആവേശകരമായി. പതിവ് ഇൻവസ്റ്റിഗേറ്റീവ് ഡ്രാമകളിൽ കണ്ട് വരുന്ന ബാക്ഗ്രൗണ്ട് സ്കോറിൽ നിന്നും ഏറെ വിഭിന്നമായ രീതിയിലാണ് സന്തോഷ് നാരായണൻ ഈ സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. കൂടാതെ എൻജോയ് എൻജാമി ടീം സിനിമയ്ക്ക് വേണ്ടി ഒന്നിച്ചതും സംഗീതത്തിന് ബലമായി എന്ന് വേണം പറയാൻ പറയാൻ.
2012-ൽ ‘ആട്ടക്കത്തി’ എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം ‘പിസ’, ‘സൂധുകാവും’, ‘ജിഗർതണ്ട’, ‘ഇരൈവി’, ‘കബാലി’, ‘പരിയേറും പെരുമാൾ’, ‘വട ചെന്നൈ’, ‘ജിപ്സി’, ‘കർണൻ’, ‘സർപാട്ട പരമ്പരൈ’, ‘മഹാൻ’, ‘ദസര’, ‘ചിറ്റാ’, ‘ജിഗർതണ്ട ഡബിൾ എക്സ്’ തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ റീൽസ് ഭരിക്കുന്ന എൻജോയ് എൻജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി.
ഡാർവിൻ കുര്യാക്കോസിൻറെ സംവിധാനത്തിൽ ഒരുങ്ങിയിരിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്.