തിരുവനന്തപുരം: സി.എം.ആര്.എല്ലിനുള്ള കരിമണല്‍ ഖനനാനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയത് 5 വർഷം വൈകിയെന്നു രേഖകൾ. സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം റദ്ദാക്കാൻ കേന്ദ്രം നിർദേശിച്ചത് 2019ൽ ആണ്. എന്നാൽ ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബര്‍ 18-ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. കേന്ദ്രനിയമപ്രകാരം 2019-ല്‍ തന്നെ കരാര്‍ റദ്ദാക്കാമായിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേയും സുപ്രിംകോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എല്ലിന് ഖനന അനുമതി നൽകി പോന്നിരുന്നത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഖനനം ആകാമെന്ന നിയമം നിലനിന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ 2019 ലെ ആറ്റമിക് ധാതു ഖനനവുമായി ബന്ധപ്പെട്ട നിയമത്തിന് ഭേദഗതി വരുത്തിയിരുന്നു.
2019 ഫിബ്രവരി 20-ന് അറ്റോമിക് മിനറല്‍സിന്റെ ഖനനം സ്വകാര്യമേഖലയില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാര്‍ച്ച് 19-നാണ് കേന്ദ്രം ഉത്തരവിറക്കിയത്.