മധുര- തമിഴ്സംവിധായകന്‍ എം. മണികണ്ഠന്റെ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് മോഷ്ടിച്ച ദേശീയ പുരസ്‌കാരം തിരിച്ചെത്തിച്ച് മോഷ്ടാക്കള്‍. കഴിഞ്ഞ ദിവസമാണ് സംവിധായകന്റെ വീട്ടില്‍ നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ദേശീയ അവാര്‍ഡ് മെഡലുകളും മോഷണം പോയത്. സംഭവത്തില്‍ സംവിധായകന്റെ ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേയാണ് മോഷ്ടാക്കള്‍ ദേശീയ അവാര്‍ഡ് തിരിച്ചുകൊണ്ടുവെച്ചത്.
ദേശീയ അവാര്‍ഡുകള്‍ പോളിത്തീന്‍ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളില്‍ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങള്‍ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങള്‍ക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഉസലംപട്ടി ടൗണ്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മെഡല്‍ നഷ്ടപ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയുമാണ് മോഷ്ടാക്കള്‍ മെഡലുകള്‍ തിരിച്ചെത്തിച്ചത്.
മോഷ്ടാക്കള്‍ നാടുവിട്ടതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡല്‍ തിരികെ ലഭിച്ചെങ്കിലും സ്വര്‍ണവും പണവും കണക്കില്‍പ്പെടാത്തതിനാല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
2014-ല്‍ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠന്‍. 2022-ല്‍ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഇദ്ദേഹം സംവിധാനംചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. കൃമി, കുട്രമേ ദണ്ഡനൈ, ആണ്ടവന്‍ കട്ടളൈ എന്നിവയാണ് മണികണ്ഠന്‍ സംവിധാനംചെയ്ത മറ്റുചിത്രങ്ങള്‍
2024 February 14Entertainmentdirectorawardstolenreturnഓണ്‍ലൈന്‍ ഡെസ്‌ക് title_en:  Thieves return awards stolen from TN director’s house

By admin

Leave a Reply

Your email address will not be published. Required fields are marked *