മുംബൈ ∙ രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്കിലൂടെ 90 രൂപ നിരക്കിൽ ഇനി നവിമുംബൈയിൽ നിന്ന് മുംബൈ നഗരത്തിലെത്താം. നവിമുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് (എൻഎംഎംടി) ആണ് കടൽപാലം വഴി സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.  അടുത്തയാഴ്ച മുതൽ നെരൂളിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് സർവീസ് ആരംഭിക്കും.
ബസ് സർവീസ് ആദ്യം പ്രഖ്യാപിച്ചത് മുംബൈ കോർപറേഷനു കീഴിലെ ‘ബെസ്റ്റ്’ ബസ് അധികൃതരാണെങ്കിലും അവരെ കടത്തിവെട്ടിയാണ് നവിമുംബൈ കോർപറേഷന്റെ ബസ് ഗതാഗതവിഭാഗം സർവീസിനു തുടക്കമിടുന്നത്.  നിലവിൽ ഉൾവെയിലെ ഖാർകോർപ്പറിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് സർവീസ് നടത്തുന്ന 115 നമ്പർ ബസ് ആണ് കടൽപാലം വഴിയാക്കുന്നത്. നെരൂളിൽ നിന്ന് ഉൾവെയിലെത്തി തുടർന്നാകും കടൽപാലത്തിലേക്ക് കയറുക. പ്രതിദിനം നാല് സർവീസുകളായിരിക്കും ആദ്യഘട്ടത്തിൽ നടത്തുക.
യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ കൂടുതൽ സർവീസുകൾ തുടങ്ങാനും പദ്ധതിയുണ്ട്. ഉയർന്ന ടോൾ നിരക്ക് മൂലം കടൽപാലം സാധാരണക്കാർക്ക് ഉപകാരപ്പെടില്ലെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് താരതമ്യേന കുറ‍ഞ്ഞ നിരക്കിൽ എൻഎംഎംടി ഇതിലൂടെ ബസ് സർവീസ് ആരംഭിക്കുന്നത്. ദക്ഷിണ മുംബൈയിൽ ജോലി ചെയ്യുന്നവർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും ഉപകാരപ്പെടുന്ന രീതിയിലാകും ബസ് സർവീസിന്റെ സമയക്രമം. വരും ദിവസങ്ങളിൽ വിശദാംശങ്ങൾ ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *