കോഴിക്കോട്: ഇന്ന് രാവിലെ വളയത്തുണ്ടായ അപകടത്തില്‍ മരിച്ച യുവാക്കളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നാളെ രാവിലെ നടത്തും. നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണ് ആലിച്ചേരി കണ്ടി വിഷ്ണു (29), കൊമ്മോട്ട് പൊയില്‍ നവജിത്ത് (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10നാണ് സംഭവം.
കല്ലാച്ചി സ്വകാര്യ ആശുപത്രിയിലും നാദാപുരം ഗവണ്മെന്റ് ആശുപത്രിയിലുമുണ്ടായിരുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വലിയ ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് കോണ്‍ക്രീറ്റ് സ്ലാബിന് അടിയില്‍പ്പെട്ട തൊഴിലാളികളെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. വളയം മാരാംകണ്ടിയിലെ സുഹൃത്തുക്കളും അയല്‍വാസികളുമായ നാല് യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.