ദോഹ- യു.എ.ഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി ഖത്തറിലെത്തി. ഇന്ന് വൈകിട്ട് യു.എ.എയിൽനിന്നാണ് മോഡി ഖത്തറിലേക്ക് തിരിച്ചത്. മോഡിയെ ഖത്തർ പ്രധാനമന്ത്രി വിമാനതാവളത്തിലെത്തി സ്വീകരിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ നാഴികക്കല്ലാണ് സന്ദർശനമെന്ന് മോഡി പറഞ്ഞു.
അബുദാബിയിൽ യു.എ.ഇ സർക്കാർ നൽകിയ 27 ഏക്കറിൽ നിർമിച്ച ബാപ്‌സ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് മോഡി ഖത്തറിലേക്ക് പോയത്. ബുധനാഴ്ച വൈകിട്ട് ക്ഷേത്രത്തിലെത്തിയ നരേന്ദ്ര മോഡിയെ ബാപ്‌സ് സ്വാമിനാരായണൻ സൻസ്ഥയുടെ തലവൻ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് റിബൺ മുറിച്ചാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. മതപരമായ ചടങ്ങുകൾ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലാണ് നടന്നത്.
അബുദാബി ദുബായ് ഹൈവേയിൽ അബു മുറൈഖയിലെ കുന്നിൻമുകളിൽ പൂർണമായും കല്ലിൽ നിർമിച്ച ക്ഷേത്രത്തിലേക്ക് മാർച്ച് ഒന്നു മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. 2014 ലാണ് യു.എ.ഇ സർക്കാർ ക്ഷേത്രത്തിന് ആദ്യഘട്ടമായി 13.5 ഏക്കർ ഭൂമി അനുവദിച്ചത്. 2019 ൽ 13.5 ഏക്കർ ഭൂമി കൂടി നൽകി. 2018 ൽ നരേന്ദ്ര മോഡിയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. സ്വാമി നാരായണൻ, അക്ഷര പുരുഷോത്തം, രാധാകൃഷ്ണൻ, രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവപാർവതി, ഗണപതി, കാർത്തികേയൻ, പദ്മാവതി വെങ്കടേശ്വരൻ, ജഗന്നാഥൻ, അയ്യപ്പൻ തുടങ്ങിയ വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്.
700 കോടി രൂപ ചെലവിലാണ് ഇത് നിർമിച്ചത്. ക്ഷേത്രത്തിന്റെ ഏഴ് ഗോപുരങ്ങൾ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്നു.
അറേബ്യൻ, ഇസ്്‌ലാമിക് വാസ്തുവിദ്യാ ശൈലി കൂടി അവലംബിച്ചാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നുള്ള കല്ലുകളാണ് നിർമാണത്തിന് ഉപയോഗിച്ചത്. രാജസ്ഥാനിൽ കൊത്തുപണികൾ പൂർത്തിയാക്കിയ ശേഷം അബുദാബിയിൽ എത്തിക്കുകയായിരുന്നു. തറയിൽ വിരിച്ചിരിക്കുന്നത് ഇറ്റാലിയൻ മാർബിളാണ്. പ്രാർത്ഥന ഹാളുകൾ, സന്ദർശക കേന്ദ്രം, തീമാറ്റിക് ഗാർഡനുകൾ, ക്ലാസ് മുറികൾ, പ്രദർശന കേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഭൂകമ്പത്തിന്റെ സൂചന നൽകാൻ അടിത്തറയിൽ 100 സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്.
 
2024 February 14GulfmodiQatartitle_en: modi landed in Qatar

By admin

Leave a Reply

Your email address will not be published. Required fields are marked *