പാലക്കാട്: മാറേണ്ടത് മന്ത്രിയും എംഡിയുമല്ല, കെഎസ്ആർടിസിയോടുള്ള ഇടതു നയമാണെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു. ജനുവരിയിലെ ശമ്പളം ഇനിയും നൽകാതെ ജീവനക്കാരെ പട്ടിണിക്കിട്ട് പരുവപ്പെടുത്തുന്ന ഇടതു ദുർഭരണത്തിനെതിരെ സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലേക്കും നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് എംപ്ലോയീസ് സംഘ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഡിമാർ മാറി മാറി വന്നിട്ടും മന്ത്രി വരെ മാറിയിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധിക്ക് പരിഹാരം കാണാനായില്ല. അതിനാൽ തന്നെ മാറ്റം വരുത്തേണ്ടത് പൊതുഗതാഗതത്തോടുള്ള ഇടതു നയമാണെന്നും അതിനു തയ്യാറാകാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ദിനംപ്രതിയെന്നോണം ജീവനക്കാർ ആത്മഹത്യ ചെയ്തും ജീവിതശൈലീ രോഗങ്ങൾ മൂലം ജീവൻവെടിയുന്നതും സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. ശമ്പളം പോലും നൽകാതെ കെഎസ്ആർടിസി ജീവനക്കാരെ സമൂഹമധ്യത്തിൽ അപഹാസ്യരാക്കുന്ന ഈ നടപടി വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എൽ. മുരുകേശൻ, പി.പ്രമോദ്, എ പി.പ്രമോദ്, കെ. സുധീഷ്, എന്നിവർ സംസാരിച്ചു. എസ്.സരേഷ്, യു.തുളസീദാസ്, എസ്.അരുൺ, വി.കണ്ണൻ, കെ.ഹരിദാസ് എന്നിവർ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed