മുംബൈ: ഭര്‍ത്താവ് തന്റെ മാതാവിന് പരിഗണനയും പണവും നല്‍കുന്നത് ഭാര്യയ്ക്കെതിരായ ഗാര്‍ഹിക പീഡനമായി കണക്കാക്കാനാകില്ലെന്ന് മുംബൈ സെഷന്‍സ് കോടതി. ഗാർഹികപീഡനവുമായി ബന്ധപ്പെട്ട സ്ത്രീയുടെ ഹർജി ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി തള്ളി. മുംബൈയിലെ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ആശിഷ് അയാചിത് ആണ് മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
ഗാര്‍ഹിക പീഡനം നടന്നതായി തെളിവുകളൊന്നും ഇല്ലെന്നും പ്രതികള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ അവ്യക്തമാണെന്നും അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആശിഷ് അയാചിത് വ്യക്തമാക്കി.
മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥയായ സ്ത്രീ ഗാർഹികപീഡന നിരോധന നിയമപ്രകാരമാണ് പരാതി നൽകിയത്. ഭർത്താവ് തനിക്കു വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്നും പണം നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു ഹർജി.
മാതാവിന്റെ മാനസികരോഗം മറച്ചുവെച്ചാണ് ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചതെന്നും വഞ്ചിക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. ഭർതൃമാതാവ് താൻ ജോലിക്കുപോകുന്നതിനെ എതിര്‍ക്കാറുണ്ടെന്നും ഭര്‍ത്താവും അമ്മയും ചേര്‍ന്ന് തന്നോട് വഴക്കിടാറുണ്ടെന്നും ഭർത്താവും ഭർതൃമാതാവും നിരന്തരം ഉപദ്രവിക്കുന്നതായും സ്ത്രീ ഹർജിയിൽ പറയുന്നു.