ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. ഇതിനാല്‍തന്നെ പ്രത്യേക ശ്രദ്ധ കരളിന്റെ കാര്യത്തില്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിലും കൊഴുപ്പും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുമെല്ലാം ദഹിപ്പിക്കുന്നതിലും ഗ്‌ളൈക്കോജൻ , വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ശേഖരിച്ച് വയ്ക്കുന്നതിലും കരള്‍ പ്രധാന പങ്ക് വഹിക്കുന്നു. 
കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ അമിതമായി കൊഴുപ്പടിയുന്ന ഈ രോഗം രണ്ട് വിധത്തിലുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും. വയര്‍ വേദന, വയര്‍ നിറഞ്ഞ തോന്നല്‍, മനംമറിച്ചില്‍, വിശപ്പില്ലായ്മ, ഭാരനഷ്ടം, ചര്‍മത്തിനും കണ്ണിനും മഞ്ഞനിറം, കാലുകളില്‍ നീര്, വയര്‍ വീര്‍ക്കല്‍, ക്ഷീണം, ആശയക്കുഴപ്പം, ദുര്‍ബലത എന്നിവയെല്ലാം ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. 
എന്നാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമേ ഒരു വ്യക്തിയുടെ നടപ്പിലും ഫാറ്റി ലിവര്‍ രോഗം ചില മാറ്റങ്ങള്‍ വരുത്താം. ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് ഇതിന് കാരണം. അസ്ഥിരമായ നടത്തം രോഗികളില്‍ ദൃശ്യമായെന്ന് വരാം. ഇതിന് പുറമേ വീഴാനുള്ള പ്രവണതയും ഫാറ്റി ലിവര്‍ രോഗികള്‍ പ്രകടിപ്പിക്കാം. ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കുന്നത് പെരുമാറ്റത്തിലും മൂഡിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കാം. ഈ ലക്ഷണങ്ങളെയും കരുതിയിരിക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം അടങ്ങുന്ന സജീവ ജീവിതശൈലി, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കല്‍ എന്നിവയെല്ലാം ഫാറ്റി ലിവര്‍ രോഗത്തെ അകറ്റി നിര്‍ത്താന്‍ ആവശ്യമാണ്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed