കൊച്ചി: കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ തങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമാകുമെന്ന് കരുതി പോലീസ് സ്‌റ്റേഷനില്‍ പോകാനോ, പോലീസിനെ അറിയിക്കാനോ ഭയക്കുന്നവരാണ് നമ്മള്‍. നമ്മുടെ വിവരങ്ങള്‍ പുറത്താകുമോ എന്നതാണ് കൂടുതലും പേരെയും പിന്നിലേക്ക് വലിക്കുന്നത്.
എന്നാലിപ്പോള്‍, പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പോലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരളാ പോലീസ് ഒരുക്കിയിരിക്കുകയാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാമെന്ന് കേരളാ പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ രഹസ്യവിവരം അറിയിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും കേരളാ പൊലീസ് അറിയിച്ചു.
ഫെയ്‌സ് കുറിപ്പ് ഇങ്ങനെ:
നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ Pol – App ഇന്‍സ്റ്റാള്‍ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല.