മീററ്റ്- പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്താൻ മോസ്‌കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനെ പാക് യുവതി കെണിയിലാക്കിയത് ഹണി ട്രാപ്പിൽ കുടുക്കിയിട്ടാണെന്ന് പോലീസ്. പാകിസ്ഥാൻ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അടുത്തിടെ ഉത്തർപ്രദേശിൽ അറസ്റ്റിലായ മോസ്‌കോയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരനെ സോഷ്യൽ മീഡിയയിൽ സൗഹൃദം സ്ഥാപിച്ച യുവതി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്ന് ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്)വ്യക്തമാക്കി. 
യുദ്ധവിമാനങ്ങളും അന്തർവാഹിനികളും ഉൾപ്പെടെ ഇന്ത്യൻ വ്യോമസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും ആയുധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ഹാപൂരിലെ ഷഹ്മഹിയുദ്ദീൻപൂർ ഗ്രാമവാസിയായ സതേന്ദ്ര സിവാൾ പങ്കുവെച്ചതായി എ.ടി.എസ് ഇൻസ്‌പെക്ടർ രാജീവ് ത്യാഗി പറഞ്ഞു. നേരത്തെ അറസ്റ്റിലായ സിവാൾ ഈ മാസം 16 വരെ റിമാന്റിലാണ്. 
പൂജ മെഹ്‌റ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ എക്കൗണ്ടുണ്ടാക്കിയ യുവതിയാണ് സിവാളിനെ ഹണിട്രാപ്പിൽ കുടുക്കിയത്. കഴിഞ്ഞ വർഷമാണ് ഇവർ തമ്മിൽ ബന്ധം സ്ഥാപിച്ചത്. പിന്നീട് സിവാളിനെ യുവതി ഹണി ട്രാപ്പിൽ കുടുക്കുകയും പണത്തിനായി രഹസ്യരേഖകൾ പങ്കിടാൻ പ്രേരിപ്പിക്കുകയും ചെയ്തു. യുവതിയുമായി താൻ പങ്കുവെച്ച രേഖകൾ ഇപ്പോഴും തന്റെ ഫോണിലുണ്ടെന്ന് സിവാൾ അവകാശപ്പെട്ടു. ഇയാളുടെ ഫോണിന്റെയും മറ്റ് ഗാഡ്‌ജെറ്റുകളുടെയും ഫോറൻസിക് പരിശോധന നടന്നുവരികയാണെന്നും  പാക് രഹസ്യാന്വേഷണ ഏജൻസിയാണ് യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2021 മുതൽ മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സിവാളിനെ ഫെബ്രുവരി നാലിന് ലഖ്‌നൗവിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
 
2024 February 14Indiahoney trapisititle_en: Indian Embassy Employee Arrested For Spying For Pak Was Honey-Trapped

By admin

Leave a Reply

Your email address will not be published. Required fields are marked *