ഡൽഹി: രാജ്യ തലസ്ഥാനത്തെ ലോക്സഭാ സീറ്റ് നിർണ്ണയ ചർച്ചയ്ക്ക് മുൻപേ കോൺഗ്രസിന് സീറ്റ് നൽകുന്നതിനുള്ള അതൃപ്തി പരസ്യമാക്കി ആം ആദ്മി പാർട്ടി. ചൊവ്വാഴ്ച നടന്ന രാഷ്ട്രീയ കാര്യ സമിതി (പിഎസി) യോഗത്തിന് ശേഷം, ആം ആദ്മി പാർട്ടി (എഎപി) ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ ഒന്ന് മാത്രം ഇന്ത്യാ ബ്ലോക്കിന് കീഴിൽ കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറാവുകയുള്ളൂ എന്ന് പ്രഖ്യാപിച്ചു.
യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ എഎപി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക് ഗോവയിലും ഗുജറാത്തിലും ഓരോ സീറ്റിലും സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു. ഗുജറാത്തിലെ ബറൂച്ചിൽ നിന്നുള്ള ചൈതർ വാസവയുടെ സ്ഥാനാർത്ഥിത്വം പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
“ഡൽഹിയിൽ കോൺഗ്രസിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും പൂജ്യം സീറ്റുകളാണ് ലഭിച്ചത്.
എംസിഡി തിരഞ്ഞെടുപ്പിൽ അവർക്ക് 250ൽ ഒമ്പത് സീറ്റുകളാണുള്ളത്. ഞങ്ങൾ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പോയാൽ ഒരു സീറ്റിന് പോലും കോൺഗ്രസിന് അർഹതയില്ല, ”പഥക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, സഖ്യത്തിന്റെ കെട്ടുറപ്പിനേയും ധർമ്മത്തെയും മാനിച്ച് ഞങ്ങൾ അവർക്ക് ഒരു സീറ്റ് വാഗ്ദാനം ചെയ്യുന്നു. അവർ ഒരു സീറ്റിലും എഎപി ആറിലും മത്സരിക്കണമെന്നാണ് ഞങ്ങളുടെ നിർദ്ദേശം. ഞങ്ങൾ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നില്ല, മുന്നോട്ടുള്ള വഴിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമെന്നും ഉടൻ തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ആം ആദ്മി പാർട്ടിക്ക് ഇഷ്ടമുള്ള ആറ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിലേറെയായി സീറ്റ് വിഭജന ചർച്ചകൾക്കായി ആം ആദ്മി പാർട്ടി ഉറ്റുനോക്കുകയായിരുന്നുവെന്നും എന്നാൽ അത് ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.