ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലേയും മറ്റം മഹാദേവ ക്ഷേത്രത്തിലേയും ഉത്സവങ്ങൾ പ്രമാണിച്ച് പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 4 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 600 പോലീസുകാരെയാണ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുളളത്.
ട്രാഫിക്ക് നിയന്ത്രണം, ക്രമസമാധാന സംരക്ഷണം, കെട്ടുകാഴ്ചകളുടെ ക്രമീകരണ പ്രകാരമുളള യാത്രാ പഥത്തിലെ സുരക്ഷ, മോഷണം മുതലായ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിങ്ങനെ ഉത്സവങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ട പൂർണ്ണമായ സംവിധാനങ്ങൾ പോലീസ് സജ്ജമാക്കിയിട്ടുണ്ട്.
ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി ചെട്ടികുളങ്ങര ക്ഷേത്രത്തിന് 4 കി.മീ. ചുറ്റളവിലായി 8 സ്ഥലങ്ങളിൽ പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. പാർക്കിംഗ് ഗ്രൗണ്ടുകളുടെ ഗൂഗിൾ മാപ്പ് ലിങ്ക് മാവേലിക്കര പോലീസ് സ്റ്റേഷന്റെ ഔദ്ധ്യോഗിക ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മാല മോഷണം തടയുന്നതിനായി ക്ഷേത്രത്തിലെത്തുന്ന ജനങ്ങൾക്ക് സേഫ്റ്റി പിൻ വിതരണം ചെയ്യുന്ന “പിൻ ഓഫ് സേഫ്റ്റി പദ്ധതി” ഇത്തവണയും നടപ്പാക്കുന്നുണ്ട്. ട്രാഫിക്ക് നിയന്ത്രണം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് റിക്കവറി വാൻ, മോഷണം തടയുന്നതിന് സിസിറ്റിവി ക്യാമറ സർവയലൻസ്, ഡ്രോൺ നിരീക്ഷണം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.
കവല-പന്തളം റോഡിൽ ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി 15 -ാം തീയതി ഉച്ചയ്ക്ക് 1 മണി മുതൽ താഴെ പറയും പ്രകാരമുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നങ്ങ്യാർകുളങ്ങര-കവല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മുട്ടം പളളിപ്പാട്ജംഗ്ഷനിൽ നിന്നും വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് കുരുവിക്കാട് ജംഗ്ഷൻ- കോട്ടമുറി ജംഗ്ഷൻ- കളരിയ്ക്കൽ ജംഗ്ഷന്‍ വഴി കല്ലുമ്മൂട് ജംഗ്ഷനിലെത്തി മാവേലിക്കര-മാന്നാർ റോഡിൽ പ്രവേശിച്ച് പുതിയകാവിലെത്തി യാത്ര തുടരേണ്ടതാണ്.
15ന് ഉച്ചയ്ക്ക് 1 മണി മുതൽ കായംകുളം-തട്ടാരമ്പലം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ പ്രസ്തുത റോഡുയാത്രക്കാർ ബദൽ റോഡായ കായംകുളം-കുറ്റിത്തെരുവ്- മാവേലിക്കര മിച്ചൽ ജംഗ്ഷൻ റോഡ് ഉപയോഗിക്കേണ്ടതാണ്.
കിഴക്കു ദിശയിൽ നിന്നും നങ്ങ്യാർകുളങ്ങര കവല ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങൾ പുതിയകാവ് ജംഗ്ഷനിൽ നിന്നും വടക്കു ദിശയിലേക്ക് തിരിഞ്ഞു പോകേണ്ടതാണ്.