ഭാരം കുറഞ്ഞ ആത്മവിശ്വാസത്തില്‍ ചിലരെങ്കിലും തങ്ങളുടെ പഴയ ആഹാരശീലങ്ങള്‍ ചിലത്‌ തിരികെ കൊണ്ടുവരും. അമിതഭാരം കൊണ്ട്‌ കഴിക്കാതെ നിയന്ത്രിച്ച്‌ വച്ചിരുന്നതൊക്കെ ഇനിയാകാം എന്ന്‌ കരുതി കഴിക്കും. ഭാരം കുറഞ്ഞത്‌ കൊണ്ട്‌ ശരീരം കുറച്ച്‌ കാലറി മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. അപ്പോള്‍ അധികമായി വരുന്ന കാലറിയെല്ലാം വീണ്ടും കൊഴുപ്പാകും, തത്‌ഫലമായി ഭാരവും കൂടും.
മാനസിക സമ്മര്‍ദം നേരിടാനും സങ്കടങ്ങളെയും ബോറടിയെയും മറികടക്കാനും ആഹാരം കഴിക്കുന്ന പതിവും ഭാരം കൂടാന്‍ ഇടയാക്കാം. ഭാരം കുറച്ച ശേഷം അത്‌ മടങ്ങി വരാതിരിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും. കൈവരിക്കാവുന്നതും സുസ്ഥിരവുമായ ഭാരനിയന്ത്രണ ലക്ഷ്യങ്ങള്‍ മാത്രമേ കുറിക്കാവൂ. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ലക്ഷ്യങ്ങള്‍ തീവ്രമായ ഭക്ഷണക്രമത്തിലേക്കും വ്യായാമത്തിലേക്കും നയിക്കും. പക്ഷേ ഇത്‌ പിന്തുടരാന്‍ ബുദ്ധിമുട്ടായിരിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ലീന്‍ പ്രോട്ടീനുകള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, ആരോഗ്യകരമായ കൊഴുപ്പ്‌ എന്നിവയെല്ലാം ഉള്‍പ്പെട്ട സന്തുലിത ഭക്ഷണക്രമം തിരഞ്ഞെടുക്കുക.
 ഇവ അവശ്യമായ പോഷണങ്ങള്‍ നല്‍കുന്നതും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതുമാണ്‌. വലിച്ചുവാരി തിന്നാനുള്ള ആസക്തിയെ ഇവ ഇല്ലാതാക്കും. കാലറി കത്തിക്കാനായി നിത്യവും വ്യായാമം ചെയ്യണം. ഇത്‌ ചയാപചയം മെച്ചപ്പെടുത്താനും പേശികളുടെ സാന്ദ്രത നിലനിര്‍ത്താനും സഹായിക്കും. ആഴ്‌ചയില്‍ കുറഞ്ഞത്‌ 150 മിനിട്ട്‌ മിതമായ തീവ്രതയിലുള്ള എയറോബിക്‌ വ്യായാമങ്ങളോ 75 മിനിട്ട്‌ തീവ്രത കൂടിയ വ്യായാമങ്ങളോ പിന്തുടരാം. 
നമ്മുടെ വിശപ്പും ഭക്ഷണം കഴിക്കുമ്പോഴുള്ള നിറവുമെല്ലാം മനസ്സിലാക്കി അറിഞ്ഞ്‌ കഴിക്കുക. പതിയെ രുചിയറിഞ്ഞ്‌ കഴിക്കുമ്പോഴാണ്‌ ശരീരം സംതൃപ്‌തിയുടെ ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നതും അമിതമായി കഴിക്കുന്നതിനെ തടയാന്‍ സാധിക്കുന്നതും. ചെറിയ പ്ലേറ്റ്‌, ചെറിയ ബൗളുകള്‍, പാത്രങ്ങള്‍ എന്നിവ ഭക്ഷണത്തിന്റെ അളവ്‌ പരിമിതപ്പെടുത്താന്‍ സഹായിക്കും. ഓരോ ഭക്ഷണത്തിന്റെയും കലോറിയും അറിഞ്ഞ്‌ കഴിക്കുക. 
എന്നും ഒരേ സമയത്ത്‌ പ്രധാന ഭക്ഷണങ്ങളും സ്‌നാക്‌സുകളും കഴിക്കുന്ന ചിട്ട പിന്തുടരുക. ഇത്‌ വിശപ്പ്‌ നിയന്ത്രിക്കാനും അനാവശ്യമായ ഭക്ഷണം കഴിപ്പ്‌ തടയാനും സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനായി ആവശ്യത്തിന്‌ വെള്ളം കുടിക്കുക. വെള്ളം ദഹനത്തെ സഹായിക്കുക മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കൂട്ടായ്‌മകളുടെയും പിന്തുണ ഭാരനിയന്ത്രണത്തില്‍ നിര്‍ണ്ണായകമാണ്‌. ചുറ്റുമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രചോദനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നവരും ഉത്തരവാദിത്തത്തോടെ പെരുമാറുന്നവരും ആകണം. 
ഇടയ്‌ക്കിടെ ഭാരം പരിശോധിച്ച്‌ ശരിയായ പാതയിലാണോ നമ്മുടെ പോക്ക്‌ എന്നും ഉറപ്പ്‌ വരുത്തണം. ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞ്‌ തിരുത്തലുകള്‍ വരുത്താന്‍ ഈ പരിശോധനകള്‍ സഹായിക്കും. സമ്മര്‍ദം നിയന്ത്രിച്ചില്ലെങ്കില്‍ ഇത്‌ അമിതമായി ഭക്ഷണം കഴിക്കാനിടയാക്കും. ധ്യാനം, യോഗ, പ്രാണായാമം എന്നിവയെല്ലാം സമ്മര്‍ദ നിയന്ത്രണത്തില്‍ സഹായകമാണ്‌. വ്യക്തിഗതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭാരനിയന്ത്രണത്തില്‍ ലഭിക്കുന്നതിന്‌ ഡോക്ടര്‍മാരുടെയും ഡയറ്റീഷ്യന്റെയും സഹായം തേടുന്നതും നല്ലതാണ്‌. 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed