എടത്വ ∙ കടുത്ത ചൂടും തീറ്റയുടെ കുറവും കാരണം നാടൻ താറാവ് മുട്ട ലഭിക്കാനില്ല. വരവു മുട്ടയ്ക്ക് അമിത വില. നാടൻ മുട്ട ഇല്ലാതായതോടെ ആന്ധ്രയിൽ നിന്നുള്ള മുട്ടയുടെ വരവ് കൂടി. ഇതിന് ആവശ്യക്കാർ കുറവാണെങ്കിലും, വിലയുടെ കാര്യത്തിൽ കുറവില്ല. നാടൻ താറാവിൻ മുട്ടയുടെ പകുതി വലിപ്പമാണ് ഇതിനുള്ളത്. ഇതിന് ഒരു മുട്ടയുടെ വില 12 രൂപയ്ക്കു മുകളിലാണ് . നാടൻ മുട്ട യഥേഷ്ടം ലഭിച്ചിരുന്ന സമയത്ത് 10 രൂപയായിരുന്നു വില.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും മുട്ട വരുന്നുണ്ട്. വരവു മുട്ട ദിവസങ്ങൾ കഴിഞ്ഞാണ് വരുന്നത്. ഇതും ചൂടു കൂടിയതും കാരണം വാങ്ങുന്ന മുട്ടയിൽ കൂടുതലും ചീത്തയാകുന്നു. ഗുണം കുറവുമാണ്. നാടൻ താറാവിൻ മുട്ടയുടെ ഉണ്ണി (കരു) നല്ല മഞ്ഞ നിറം ആണെങ്കിൽ വരവു മുട്ടയുടെ ഉണ്ണിയുടെ നിറം ചെറിയ മഞ്ഞ കലർന്ന വെളുപ്പാണ്.
ചൂടു കൂടിയതും തീറ്റ കുറവും കാരണം ജില്ലയിലെ 90 ശതമാനം താറാവുകളെയും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് കൊണ്ടു പോയി. അവിടെയും തീറ്റ കുറവായതിനാൽ മുട്ട ഉൽപാദനം കുറവാണ്. സാധാരണ 100 താറുവുകളുടെ കണക്കെടുത്താൽ 80 മുട്ട വരെ ലഭിക്കും. ഇപ്പോൾ 40 ൽ താഴെ മുട്ടകളാണ് ലഭിക്കുന്നത്. ക്ഷാമ കാലത്തു പോലും താറാവു കർഷകർക്ക് ആനുകൂല്യം നൽകാത്തതിനാലാണ് സീസൺ സമയം കഴിഞ്ഞാൽ കർഷകർ മറ്റു സംസ്ഥാനങ്ങളിലേക്ക് പോവുന്നത്.
ഇത് കർഷകരെ സംബന്ധിച്ച് വൻ നഷ്ടമാണ്. 30000 താറാവുകൾ ഉള്ള ഒരു കർഷകന് തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നതിനും തിരികെ കൊണ്ടു വരുന്നതിനായി രണ്ടു ലക്ഷത്തോളം രൂപ ചെലവഴിക്കണം. 10 തൊഴിലാളികളെയും കൊണ്ടു പോകണം നിത്യവും അതിനു മാത്രം 10000 രൂപ വേണം. തീറ്റ വാങ്ങുന്നതിനുള്ള ചെലവും വേണം. അതിനു തക്കവണം മുട്ട ലഭിക്കാത്തതിനാൽ വൻ നഷ്ടത്തിന് ഇടയാക്കുന്നതായി താറാവു കർഷകർ പറയുന്നു.