വാഷിംഗ്ടൺ: വടക്കൻ ഇസ്രയേലിൽ ബുധനാഴ്ച ലെബനനിൽ നിന്നു ഹിസ്‌ബൊള്ള നടത്തിയ കനത്ത ബോംബാക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു. എട്ടു പേർക്കു പരുക്കേറ്റു. 

ഇസ്രയേലിന്റെ വടക്കൻ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന സഫാദ് പട്ടണത്തിൽ ആയിരുന്നു റോക്കറ്റുകൾ പെരുമഴ പോലെ വർഷിച്ചത്. നാലു മാസം മുൻപ് യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും കനത്ത ഹിസ്‌ബൊള്ള ആക്രമണം ആയിരുന്നു ഇത്. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധമായ അയൺ ഡോം മറികടന്നു 15 കിലോമീറ്ററോളം ഹിസ്‌ബൊള്ള മിസൈലുകൾ സഞ്ചരിച്ചു സഫാദിൽ അടിച്ചു. 
ഗാസയിലെ ജനനിബിഡമായ റഫ മേഖലയിൽ രൂക്ഷമായ ആക്രമണത്തിനു ഇസ്രയേലി സേന ഐ ഡി എഫ് തയാറെടുക്കുന്ന നേരത്താണ് ഹിസ്‌ബൊള്ള ഈ ആക്രമണം നടത്തിയത്. ഏതാനും ഹിസ്‌ബൊള്ള നേതാക്കളെ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ ആക്രമിച്ചിരുന്നു. അവരിൽ ചിലർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. 
ശനിയാഴ്ച ലെബനീസ് അതിർത്തിയിലെ ഹൗലയിൽ വിശ്വാസികൾ പള്ളി പിരിഞ്ഞു പോകുന്ന സമയത്തു ഇസ്രയേൽ ആക്രമണം നടത്തി. ഒരാൾ മരിച്ചു, 11 പേർക്കു പരുക്കേറ്റു. 
ഹിസ്‌ബൊള്ളയുടെ മിസൈൽ താവളങ്ങൾ ആക്രമിച്ചു മറുപടി കൊടുത്തെന്നു ഇസ്രയേൽ പറഞ്ഞു. “ഇതു യുദ്ധമാണ്,” ഇസ്രയേലി ദേശരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗവിർ പറഞ്ഞു. “നമ്മുടെ പ്രതികരണം മാറ്റേണ്ടതുണ്ട്.” 
നാലു മാസത്തിനിടയിൽ ഇസ്രയേലി ആക്രമണങ്ങളിൽ ലെബനനിൽ 231 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 
ഹിസ്‌ബൊള്ള ഹമാസിനെക്കാൾ ശക്തമായ വെല്ലുവിളിയാണ് എന്നതു കണക്കിലെടുത്തു അവരുമായി ചർച്ചയ്ക്കു ഇസ്രയേൽ ചില നീക്കങ്ങൾ നടത്തിയിരുന്നു. ഒട്ടേറെ യുദ്ധങ്ങളുടെ മുറിവുകൾ പേറുന്ന ലെബനൻ ഈ യുദ്ധം ആഗ്രഹിക്കുന്നില്ല. ക്രിസ്ത്യൻ പ്രസിഡന്റും സുന്നി മുസ്ലിം പ്രധാനമന്ത്രിയുമുള്ള ലെബനൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ഷിയാ മുസ്ലിം ഗ്രൂപ്പായ ഹിസ്‌ബൊള്ളയ്ക്കു പല്ലും നഖവും നൽകുന്നത് ഇറാൻ ആണെന്നതു രഹസ്യവുമല്ല. 
ആക്രമങ്ങൾ കൊണ്ട് ഇസ്രയേലിന്റെ സമ്പദ് വ്യവസ്ഥയും സുരക്ഷയും തകർക്കുമെന്നു ഹിസ്‌ബൊള്ള നേതാവ് ഹസൻ നസ്രള്ള താക്കീതു നൽകി. 

By admin

Leave a Reply

Your email address will not be published. Required fields are marked *