ആലുവ: ഏഴു വയസുകാരനെ കാര്‍ ഇടിച്ച കേസില്‍ വാഹന ഉടമയുടെ സുഹൃത്ത് പിടിയില്‍. സംഭവത്തില്‍ നെടുമ്പാശ്ശേരി സ്വദേശി ഷാൻ ആണ് പിടിയിലുള്ളതെന്നും കാറിന്റെ ഉടമയായ രജനിയുടെ സുഹൃത്താണിയാളെന്നും ആലുവ ഡിവൈഎസ്പി എ പ്രസാദ് പറഞ്ഞു. ഷാൻ ആണ് വാഹനം ഓടിച്ചത്.
ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന് നിഷികാന്ത് വെന്റിലേറ്ററിൽ ചികിത്സയിലാണ്. രാവിലെ പത്ത് മണിയോടെ ആലുവ കുട്ടമശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം.
കുട്ടിയെ കണ്ണ് ആശുപത്രിയില്‍ കാണിച്ച് തിരിച്ചുവരുന്ന വഴിക്കാണ് അപകടമുണ്ടായത്. ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ കുട്ടി എഴുന്നേല്ക്കാന് ശ്രമിക്കവെ പിന്നാലെ വന്ന കാര്‍ ഇടിക്കുയായിരുന്നു. കുട്ടിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.
കാര്‍ ഇടിച്ച വിവരം കുട്ടിയുടെ ഒപ്പമുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. ഓട്ടോയില്‍ നിന്ന് വീണാല്‍ ഇത്രയും ഗുരുതര പരിക്ക് ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറിടിച്ച വിവരം അറിയുന്നത്.