ഡല്‍ഹി: മഹാരാഷ്ട്രയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് ഗോവയിലും തിരിച്ചടി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ഗോവയിൽ തർക്കങ്ങൾ ആരംഭിച്ചു.
ചൊവ്വാഴ്ചയാണ് സൗത്ത് ഗോവ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ എഎപി പ്രഖ്യാപിച്ചത്. പാർട്ടിയെ പ്രതിനിധീകരിച്ച്, ഇന്ത്യ സഖ്യത്തിന് കീഴിലാണ് സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ഡൽഹിയിൽ നിന്ന് തീരുമാനമെടുക്കുമെന്നും അറിയിച്ച് കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു.
ദക്ഷിണ ഗോവയിൽ നിന്നുള്ള ബെനൗലിം എംഎൽഎ വെൻജി വിഗാസിനെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സൗത്ത് ഗോവ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയുടെ ഗോവ യൂണിറ്റ് പ്രസിഡൻ്റ് അമിത് പലേക്കർ പറഞ്ഞു. സീറ്റ് വിഭജന പ്രശ്‌നം പരിഹരിക്കാത്തതിന് കോൺഗ്രസ് ഉത്തരവാദിയാണെന്നും അമിത് പലേക്കർ ആരോപിച്ചു.
30 ദിവസം മുമ്പാണ് ഇന്ത്യാ സഖ്യത്തിൻ്റെ അവസാന യോഗം നടന്നതെന്നും എന്നാൽ അതിനുശേഷം കോൺഗ്രസ് നേതാക്കൾ തിരക്കിലായെന്നും അദ്ദേഹം ആരോപിച്ചു. ദക്ഷിണ ഗോവയിൽ നിന്നുള്ള  പാർട്ടി നേതാവിനെ ഇന്ത്യാ സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയാക്കാൻ എഎപി തീരുമാനിച്ചതായും പലേക്കർ പറഞ്ഞു.
ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കർ കൂടിയാലോചന ഇല്ലാതെ സ്ഥാനാർത്ഥികളെ നിർത്തുന്നതിന് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. സീറ്റ് വിഭജന കാര്യത്തിൽ ഡൽഹിയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംപി ഫ്രാൻസിസ്‌കോ സർദിൻഹ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ദക്ഷിണ ഗോവ. ഈ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ആം ആദ്മി പാർട്ടിയുടെ ഗോവ അധ്യക്ഷൻ എന്തിനാണ് പത്രസമ്മേളനം വിളിച്ചതെന്ന് തനിക്കറിയില്ലെന്ന് ഗോവ കോൺഗ്രസ് അധ്യക്ഷൻ പട്കർ പറഞ്ഞു.
സീറ്റുകൾ സംബന്ധിച്ച് സഖ്യ നേതാക്കൾ ചർച്ച നടത്തി വരികയാണെന്നും വിവിധ സംസ്ഥാനങ്ങളിലെ സീറ്റുകളിൽ മത്സരിക്കുന്ന കാര്യം ഡൽഹിയിൽ തീരുമാനിക്കുമെന്നും കോൺഗ്രസ് നേതാവ് പട്കർ പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *