തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി പ്രതിനിധിയെ തേടിയ ഗവർണർക്ക് തിരിച്ചടി നൽകി കാർഷിക സർവകലാശാലാ സെനറ്റ്. നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലിൽ ഒപ്പിട്ട ശേഷം ഗവർണർ ആവശ്യപ്പെട്ട പ്രതിനിധിയെ നൽകാമെന്നാണ് യൂണിവേഴ്സിറ്റി സെനറ്റിന്റെ തീരുമാനം. പ്രതിനിധിയെ നൽകാനുള്ള താത്കാലിക വി.സിയുടെ ഔദ്യോഗിക പ്രമേയത്തെ കൃഷി മന്ത്രി പി.പ്രസാദ് അടക്കം എതിർത്ത് വോട്ട് ചെയ്തതും ശ്രദ്ധേയമായി.വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാനുള്ള ഗവർണറുടെ നിർദ്ദേശം കാർഷിക സർവകലാശാലാ ജനറൽ കൗൺസിൽ യോഗം തള്ളിക്കളഞ്ഞു.
നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി ഭേദഗതി നിയമം ഗവർണർ ഒപ്പുവയ്ക്കാത്തതിനാൽ സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകുന്നത് ഉചിതമല്ലെന്ന് യോഗം വിലയിരുത്തി. താത്കാലിക വി.സി ഡോ.ബി.അശോക് സെർച്ച് കമ്മിറ്റി പ്രതിനിധിയായി മുൻ വി.സി ഡോ.പി രാജേന്ദ്രന്റെ പേര് നിർദ്ദേശിച്ച് ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു.
 ഇതിനെ 4കോൺഗ്രസ് പ്രതിനിധികൾ അനുകൂലിച്ചു. പ്രോ ചാൻസലറായ കൃഷി മന്ത്രി പി.പ്രസാദും ഔദ്യോഗിക, എൽ.ഡി.എഫ് അംഗങ്ങളുമടക്കം 18പേർ എതിർത്തു. ഇതോടെ പ്രമേയം ജനറൽ കൗൺസിൽ തള്ളി. കൗൺസിൽ തീരുമാന പ്രകാരം പ്രതിനിധിയെ നൽകാനാവില്ലെന്ന് ഗവർണറെ യൂണിവേഴ്സിറ്റി അറിയിക്കും.
അതേസമയം കൗൺസിൽ ചേർന്നത് പ്രതിനിധിയെ നിശ്ചയിക്കാനായതിനാൽ ഔദ്യോഗിക പ്രമേയത്തിലെ പേരിന് നിയമസാധുതയുണ്ടെന്ന് കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 2022നവംബർ മുതൽ കാർഷിക യൂണിവേഴ്സിറ്റിക്ക് വി.സിയില്ല. ഒഴിവുണ്ടായ സമയത്തെ നിയമമാണ് നിയമനത്തിന് പരിഗണിക്കേണ്ടതെന്നും അന്ന്  നിയമഭേദഗതി ബിൽ നിലവിലില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സെർച്ച്കമ്മിറ്റി പ്രതിനിധിയെ നൽകാൻ ഗവർണർ 8കത്തുകൾ യൂണിവേഴ്സിറ്റിക്ക് അയച്ചിരുന്നു. 
നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടാത്തിടത്തോളം നിലവിലെ നിയമമായിരിക്കും വി.സി നിയമനത്തിന് ബാധകമാവുക. യൂണിവേഴ്സിറ്റി നിശ്ചിത സമയത്തിനകം പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തം നിലയിൽ നിയമന നടപടികൾ തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. യൂണിവേഴ്സിറ്റി പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, കേരള സർവകലാശാലയുടെ പ്രതിനിധിയില്ലാതെ നേരത്തേ ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി ഹൈക്കോടതി തടഞ്ഞിരുന്നു.നിലവിൽ സംസ്ഥാനത്ത് 9 യൂണിവേഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്. ഗവർണറുമായുള്ള ഉടക്ക് കാരണം സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റികൾ പ്രതിനിധികളെ നൽകേണ്ടെന്ന സർക്കാർ നിർദ്ദേശം കാരണമാണ് സ്ഥിരം വി.സിമാരെ നിയമിക്കാനാവാത്തത്.
കേരള, എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, സാങ്കേതികം, അഗ്രിക്കച്ചർ, ഫിഷറീസ് യൂണിവേഴ്സിറ്രികൾക്കാണ് ഗവർണർ പലവട്ടം കത്തയച്ചത്. ഒരു മാസത്തിനുള്ളിൽ സെനറ്റ്, സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകണം. 
യൂണിവേഴ്സിറ്റികൾ നടപടിയെടുക്കുന്നില്ലെങ്കിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വി.സി നിയമനത്തിന് സ്വന്തമായി കമ്മിറ്റി രൂപീകരിക്കുമെന്നാണ് കത്തിലുള്ളത്.  ചാൻസലർ, യു.ജി.സി, സെനറ്റ് അല്ലെങ്കിൽ സിൻഡിക്കേറ്റ് പ്രതിനിധികളാണ് സെർച്ച് കമ്മിറ്റിയിലുണ്ടാവേണ്ടത്.  സർവകലാശാലാ നിയമപ്രകാരം സെർച്ച് കമ്മിറ്റികളിൽ സെനറ്റ് പ്രതിനിധി നിർബന്ധമാണ്. പ്രതിനിധിയെ നൽകാൻ സെനറ്റ് തയ്യാറല്ല. ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *