ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അംഗവൈകല്യമുള്ള 18 വയസ്സുകാരായ വിദ്യാര്‍ഥികള്‍ക്കും ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഫുള്‍ ടൈം വിദ്യാഭ്യാസം നേടുന്ന 18 വയസ്സുകാര്‍ക്കും മെയ് ഒന്നു മുതല്‍ ഈ ആനുകൂല്യം നല്‍കുന്നതിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ഒരു കുട്ടിക്ക് മാസം തോറും 140 യൂറോയാണ് ചൈല്‍ഡ് ബെനഫിറ്റ് നല്‍കുന്നത്. സെക്കന്റ് ലെവല്‍ പഠിക്കുന്ന വിദ്യാര്‍ഥികളായ 18 വയസ്സുകാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഭാരിച്ച ചെലവ് താങ്ങാന്‍ ഈ കുടുംബങ്ങള്‍ പെടാപ്പാടിലാണ്.പലരും ഇക്കാരണത്താല്‍ പഠനം നിര്‍ത്തുന്ന സ്ഥിതിയുമുണ്ട്. ഇത്തരം കുടുംബങ്ങളെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായത്. ഈയാഴ്ച അവസാനം ഭേദഗതിയോടെ പുതിയ ബില്‍ സാമൂഹിക സുരക്ഷാ മന്ത്രി ഹംഫ്രീസ് കൊണ്ടുവരുമെന്നാണ് കരുതുന്നത്.
60,000 കുടുംബങ്ങള്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടുമെന്ന് മന്ത്രി ഹെതര്‍ ഹംഫ്രീസ് പറഞ്ഞു. ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ പുതിയ മാറ്റം നടപ്പാക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. പിന്നീട മെയ് ആദ്യം മുതലെന്ന് തീരുമാനിക്കുകയായിരുന്നു.
കോളേജിലും സ്‌കൂളിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ ചെലവുകള്‍ വന്‍തോതില്‍ കൂടുകയാണ്. കൗമാരക്കാരുടെ ജീവിതച്ചെലവും ഏറുകയാണ്. ഈ യാഥാര്‍ഥ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ ചൈല്‍ഡ് ബെനഫിറ്റ് പദ്ധതിയില്‍ മാറ്റം വരുത്തിയതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ഏറെ സഹായിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സ്പാര്‍കിന്റെ സ്ഥാപകനായ ലൂയിസ് ബെയ്‌ലിസ് പറഞ്ഞു. വര്‍ധിച്ച ചെലവുകള്‍ മൂലം മിക്ക കുട്ടികളും അവസാന വര്‍ഷത്തില്‍ സ്‌കൂള്‍ വിടുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇതൊരു ഗെയിം ചേഞ്ചാറാണെന്ന്ും ഇദ്ദേഹം പറഞ്ഞു.
സാമ്പത്തികമായ കാരണങ്ങളാല്‍ കുട്ടികള്‍ അവസാന വര്‍ഷം സ്‌കൂള്‍ ഉപേക്ഷിച്ച് യൂത്ത് റീച്ച് പോലുള്ള സര്‍വ്വീസുകളിലേക്ക് പോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത് പല കുടുംബങ്ങളേയും ദാരിദ്ര്യത്തിലേക്ക് നയിച്ചെന്നും ഇവര്‍ പറഞ്ഞു.