രാത്രിയുള്ള ഉറക്കം ശരിയായില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. അതുപോലെ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് നിങ്ങള്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഉറക്കം തടസപ്പെട്ടേക്കാം.
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് കമ്പ്യൂട്ടറുകളും ഫോണുകളും പോലുള്ള സാങ്കേതിക ഗാഡ്‌ജെറ്റുകളുടെ ഉപയോഗം ഒഴിവാക്കുക. ഈ ഗാഡ്‌ജെറ്റുകൾ സൃഷ്ടിക്കുന്ന നീല വെളിച്ചം നിങ്ങളുടെ തലച്ചോറിനെ ഉറക്കത്തെ തടസപ്പെടുത്താന്‍ പ്രേരിപ്പിക്കും. അതിനാല്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ഇലക്ട്രോണിക്സ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. കിടക്കുന്നതിന് തൊട്ടുമുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കാനും ഉറക്കം തടസപ്പെടാനും കാരണമാകും. കൂടാതെ ഉറക്കത്തിനിടയില്‍ മൂത്രം ഒഴിക്കാനും തോന്നാം. അതിനാല്‍ ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ഒരിക്കലും വെള്ളം കുടിക്കരുത്. പകരം കിടക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് വേണമെങ്കില്‍ വെള്ളം കുടിക്കാം.
ശരീരത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ അതിനൊരു സമയമുണ്ട്. ഒരിക്കലും ഉറങ്ങുന്നതിനു തൊട്ടുമുമ്പ് നിങ്ങൾ ചെയ്യേണ്ട കാര്യമല്ല ഇത്. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കരുത്. അത് ഉറക്കത്തെ ബാധിക്കാം. കൂടാതെ അമിത വണ്ണത്തിനും അത് കാരണമാകും. അതിനാല്‍ കിടക്കാനുള്ള സമയത്തിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം.
ഉറങ്ങാനുള്ള സമയത്തിന് മുമ്പേയുള്ള ചെറു മയക്കവും ഒഴിവാക്കുക. ഉറങ്ങാന്‍ കൃത്യമായ ഒരു സമയവും തീരുമാനിക്കുക. അടുത്ത ദിവസത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനോ ദിവസാവസാനം കാര്യങ്ങൾ പരിഹരിക്കുന്നതിനോ അനുയോജ്യമായ സമയമായി ഉറങ്ങാനുള്ള സമയത്തെ കാണരുത്. സമ്മർദ്ദം തരുന്ന ഒരു കാര്യങ്ങളും ചിന്തിക്കാതെ ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ല ഉറക്കം ലഭിക്കാന്‍ നല്ലത്.