അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ക്കുള്ള വിദേശ സഹായ പാക്കേജ് പാസാക്കി യുഎസ് സെനറ്റ്. 95.34 ബില്യൺ ഡോളറിൻ്റെ സഹായ ബിൽ ആണ് സെനറ്റ് പാസാക്കിയത്. ഭൂരിഭാഗം ഡെമോക്രറ്റുകളും ഇരുപത്തിരണ്ട് റിപ്പബ്ലിക്കന്‍ പ്രതിനിധികളും ബില്ലിനെ പിന്തുണച്ചു. സെനറ്റ് പാസാക്കിയ ബില്‍ ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. അവിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്നതിനാല്‍ ബില്‍ നിയമമാകാനുള്ള സാധ്യത വിരളമാണ്.
വിദേശ സഹായ പാക്കേജിൽ ഇസ്രായേലിനുള്ള സുരക്ഷാ സഹായത്തിനും ഗാസ, വെസ്റ്റ് ബാങ്ക്, യുക്രെയ്ൻ എന്നിവിടങ്ങളിലെ സാധാരണക്കാർക്ക് മാനുഷിക സഹായം, കീവിനുള്ള പിന്തുണ എന്നിവ ബില്ലിലുണ്ട്.
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വാധീനത്തിൽ റിപ്പബ്ലിക്കൻമാർ കടുത്ത നിലപാടുകൾ സ്വീകരിച്ചതോടെയാണ് ബിൽ മാസങ്ങളോളം വൈകിയത്. പാർട്ടിയിൽ നിന്നുള്ള മിത വാദികളുടെ സഹായത്തോടെയാണ് ഇപ്പോൾ ബിൽ സെനറ്റിൽ പാസാക്കിയത്. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടി കൊണ്ടിരിക്കുന്ന യുക്രെയ്‌ന്റെ മുന്നോട്ടുള്ള യാത്രക്ക് വളരെ നിർണായകമായ ധനസഹായം ആണിത്.