‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഡെഡ്‌പൂൾ 3 ടീസര്‍ പുറത്തിറങ്ങി. റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. റയാൻ റെയ്നോൾഡ്സ് ആണ് വേഡ് വിൽസൺ എന്ന ഡെഡ്പൂളായെത്തുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ഡെഡ്‌പൂളിനെ ഔദ്യോഗികമായി ചേര്‍ക്കുന്ന രീതിയിലാണ് ടീസര്‍. 
മുന്‍ ഡെഡ്പൂള്‍ ചിത്രങ്ങളില്‍ കാണിച്ച കഥാപാത്രങ്ങള്‍ക്കൊപ്പം വേഡ് വിൽസൺ  പിറന്നാൾ ആഘോഷിക്കുമ്പോള്‍ എംസിയുവിലെ ലോകി സീരീസിൽ കാണിക്കുന്ന ടൈം വേരിയന്റ് അതോറിറ്റി(ടിവിഎ) ഡെഡ്പൂളിനെ പിടിച്ചുകൊണ്ടുപോകുന്നു. പിന്നീടുള്ള ഡെഡ്പൂളിന്‍റെ സാഹസികതകളാണ് ടീസറില്‍. ഹ്യൂ ജാക്ക്മാന്റെ വോൾവറിൻകഥാപാത്രത്തെ നിഴൽ മാത്രമായി കാണിച്ചാണ് ടീസര്‍ അവസാനിക്കുന്നത്. 
2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം എന്നി ബോക്സോഫീസ് ഹിറ്റുകളുടെ സംവിധായകനാണ് അദ്ദേഹം. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും. എംസിയുവിലെ 38മത്തെ ചിത്രമായിട്ടായിരിക്കും ഇത് റിലീസ് ചെയ്യുക എന്നാണ് വിവരം. 
എക്സ് മാന്‍ ചിത്രങ്ങളില്‍ നിന്നും എംസിയുവിലേക്കുള്ള പുതിയ പാലം ആയിരിക്കും ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്നാണ് എംസിയു ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത സമയത്ത് ഇറങ്ങിയ എംസിയു ചിത്രങ്ങളും സീരിസുകളും കാര്യമായ ഹിറ്റ് സൃഷ്ടിക്കാത്ത കുറവ് ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ നികത്തും എന്നാണ് മാര്‍വലിന്‍റെ പ്രതീക്ഷ.

By admin

Leave a Reply

Your email address will not be published. Required fields are marked *