ബംഗളൂരു: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക തൂത്തുവാരാന്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് വിജയ ഫോര്‍മുലയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റി ജെഡി(എസ്)നുമായുള്ള പാര്‍ട്ടിയുടെ സഖ്യം 28 സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുമായും പാര്‍ട്ടിയുടെ മൈസൂരു ക്ലസ്റ്റര്‍ നേതാക്കളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് വിവരം. 
ജെഡി (എസുമായുള്ള) സീറ്റ് പങ്കിടല്‍ വ്യവസ്ഥകള്‍ ഡല്‍ഹി തലത്തില്‍ തീരുമാനിക്കുമെന്ന് കര്‍ണാടക ബിജെപി യൂണിറ്റ് അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു. മൈസൂരു, മാണ്ഡ്യ, ഹാസന്‍, ചാമരാജനഗര്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടിയുടെ മൈസൂര്‍ ക്ലസ്റ്റര്‍. 
അമിത് ഷായുടെ മൈസൂര്‍ സന്ദര്‍ശനം വിജയകരമായിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളും എന്‍ഡിഎയ്ക്ക് ലഭിക്കാന്‍ അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. 
നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി മാറ്റുന്നതിനുള്ള ഞങ്ങളുടെ കര്‍മ്മ പദ്ധതിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കി. എല്ലാ ബൂത്തിലും 10 ശതമാനം വോട്ട് വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *