ന്യൂദല്‍ഹി- ആസന്നമായ രാജ്യസഭാ തിരഞ്ഞെടുപ്പിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 14 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു, ഉത്തര്‍പ്രദേശില്‍നിന്ന് മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിംഗിനെയും പാര്‍ട്ടി വക്താവ് സുധാംശു ത്രിവേദിയെയും മത്സരിപ്പിക്കും.
കേന്ദ്രമന്ത്രിമാരില്‍ പലരും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കാലാവധി അവസാനിക്കുന്ന കേന്ദ്രമന്ത്രിമാരുടെ പേരുകള്‍ പട്ടികയില്‍ ഇടംപിടിക്കാതിരുന്നത്.
ഉത്തര്‍പ്രദേശില്‍ ആര്‍.പി.എന്‍ സിംഗ്, ചൗധരി തേജ് വീര്‍ സിംഗ്, സാധന സിംഗ്, അമര്‍പാല്‍ മൗര്യ, സംഗീത ബല്‍വന്ത്, നവീന്‍ ജെയിന്‍ എന്നിവരുള്‍പ്പെടെ ഏഴ് സീറ്റുകളിലേക്ക് ആറ് പുതുമുഖങ്ങളെയാണ് പാര്‍ട്ടി മത്സരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി വക്താവ് സുധാംശു ത്രിവേദി മാത്രമാണ് ഉപരിസഭയിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന ഏക സ്ഥാനാര്‍ഥി.
യുപിയില്‍ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിംഗ് ബി.ജെ.പി പട്ടികയിലെ പുതുമുഖങ്ങളില്‍ ഉള്‍പ്പെടുന്നു. സിംഗ് കുര്‍മി ജാതിക്കാരനാണ്.
മഥുര സ്വദേശിയായ ചൗധരി തേജ്‌വീര്‍ സിംഗ് മുന്‍ ലോക്‌സഭാംഗമാണ്. ഉപരിസഭയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് അമര്‍പാല്‍ മൗര്യ, സംഘടനാ കാര്യങ്ങളില്‍ സജീവമാണ്. മുന്‍ മുഖ്യമന്ത്രി വീര്‍ ബഹാദൂര്‍ സിംഗിന്റെ മരുമകളായ സാധന സിംഗ് ഗോരഖ്പൂര്‍ സ്വദേശിയാണ്. കാംപിയര്‍ഗഞ്ചില്‍നിന്നുള്ള ബിജെപി എംഎല്‍എയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാണ് ഭര്‍ത്താവ് ഫത്തേ ബഹാദൂര്‍ സിംഗ്.
ആഗ്രയുടെ മുന്‍ മേയറും രാഷ്ട്രീയമായി സജീവമായി അറിയപ്പെടുന്ന ആളുമാണ് നവിന്‍ ജെയിന്‍. ബിന്ദ് സമുദായത്തില്‍പ്പെട്ട സംഗീത ബല്‍വന്ത് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
ബിഹാറില്‍ ആറ് ഒഴിവുകളുണ്ട്, ഭരണകക്ഷിയായ എന്‍ഡിഎക്കും പ്രതിപക്ഷത്തിനും നിലവിലെ ശക്തി അനുസരിച്ച് മൂന്ന് സീറ്റുകള്‍ വീതം ലഭിക്കും. ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു ഒരു സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും. ഡോ ധര്‍മശീല ഗുപ്ത, ഡോ ഭീം സിങ് എന്നിവരെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്.
ഛത്തീസ്ഗഢില്‍ രാജാ ദേവേന്ദ്ര പ്രതാപ് സിംഗിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. മഹാരാജ ചക്രധര്‍ സിംഗിന്റെ ചെറുമകന്റെ മകനാണ് 49 കാരനായ സിംഗ്. മഹാരാജ ചക്രധര്‍ സിങ്ങിന്റെ ബഹുമാനാര്‍ത്ഥം റായ്ഗഡില്‍ വര്‍ഷം തോറും ‘ചക്രധര്‍ സമരോഹ്’ എന്ന പ്രശസ്തമായ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത് ശ്രദ്ധേയമാണ്.
ഹരിയാനയില്‍, പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ സുഭാഷ് ബറാലയെ ബി.ജെ.പി തിരഞ്ഞെടുത്തു. കര്‍ണാടകയില്‍നിന്ന് നാരായണ കൃഷണസ ഭണ്ഡാഗെയെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി.
2024 February 11IndiaBJPtitle_en: rajyasabha election