കണ്ണൂർ : സമ്പന്നന്‍മാരുമായി മാത്രം ചര്‍ച്ച നടത്തിയ പിണറായി വിജയൻ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരന്റെ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് കേട്ടത്. മുഖ്യമന്ത്രി നടത്തിയ യാത്രയില്‍ ഇതുപോലൊരു ജനസമൂഹത്തെ ഒരിടത്തും കണ്ടിട്ടില്ല.
വന്യമൃഗശല്യം ദൈനംദിന പ്രശ്‌നമായി മാറിയിട്ടും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉദ്യോഗസ്ഥരോ സര്‍ക്കാരോ തായാറാകുന്നില്ല. മാനന്തവാടിയില്‍ ആന ഇറങ്ങിയെന്ന വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒരാളുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു.
കേരള സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താത്തതു കൊണ്ടാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും എടുക്കാത്തത്. വനം വകുപ്പ് ജീവനക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ആനയെ നേരത്തെ ലൊക്കേറ്റ് ചെയ്തിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയെന്ന കടമ സര്‍ക്കാര്‍ നിറവേറ്റുന്നില്ല.
ഇത് കുറ്റകരമായ അനാസ്ഥയാണ്. ബുദ്ധിയുള്ള മൃഗമാണ് ആന. അത്രയും ബുദ്ധിയുള്ള മൃഗത്തോട് പോരാടാനുള്ള ബുദ്ധി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. കുട്ടനാട്ടില്‍ നെല്ല് സംഭരണത്തിനുള്ള പണം നല്‍കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്.
വടക്കന്‍ മലബാറിലെ ഏറ്റവും വലിയ ചികിത്സാ കേന്ദ്രമാകേണ്ട പരിയാരം മെഡിക്കല്‍ കോളജിനെ അധികാരം ഉപയോഗിച്ച് പിടിച്ചെടുത്ത് തകര്‍ത്ത് തരിപ്പണമാക്കി. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ സ്വപ്‌നത്തിന് അനുസരിച്ച് പരിയാരം മെഡിക്കല്‍ കോളജിനെ മാറ്റും. കണ്ണൂര്‍ എയര്‍പോര്‍ട്ട് വികസനത്തിന് വേണ്ടിയും നടപടിയെടുക്കും.
എന്‍.കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതില്‍ ഒരു അപാകതയുമില്ല. പിണറായി വിജയനും പോയിട്ടില്ലേ? മുന്നില്‍ പോയി ഓച്ഛാനിച്ച് നിന്നിട്ടില്ലേ? അതേക്കുറിച്ച് മാധ്യമങ്ങള്‍ എന്തെങ്കിലും ചോദ്യം ചോദിക്കുമോ?