തിരുവനന്തപുരം: വിളവൂര്‍ക്കലില്‍ രാത്രി റോഡരികില്‍ മദ്യപിച്ചുനിന്ന സംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. വിളവൂര്‍ക്കല്‍ കുളത്തുംകര കാരാട്ടുകോണം ശാലിനി ഭവനില്‍ മണികണ്ഠന്റെ മകന്‍ എം.എസ്. ശരതാ(25)ണ് മരിച്ചത്. ശരത്തിന്റെ സുഹൃത്ത് ആദര്‍ശിന് വയറ്റില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 
രാജേഷ്, അഖിലേഷ്, ജോയ്മോന്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. അക്രമത്തില്‍ മറ്റ് നാലുപേര്‍ക്ക് കൂടി കുത്തേറ്റു. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. സംഭവത്തില്‍ പേയാട് കാരംകോട്ടുകോണം ശിവശൈലത്തില്‍ വി. അരുണ്‍ (32), ഇയാളുടെ സഹോദരന്‍ അനീഷ് (30), കാരംകോട്ടുകോണം അഖില്‍ ഭവനില്‍ എ. സോളമന്‍ (38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി 11.45ന് അക്രമസംഭവമുണ്ടായത്. സംഭവത്തിലുള്‍പ്പെട്ടവരെല്ലാം സമീപവാസികളും ബന്ധുക്കളുമാണ്. 
കഴിഞ്ഞ വര്‍ഷം കാരംകോട്ടുകോണം ക്ഷേത്രത്തിലെ ഉച്ചഭാഷിണി വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് മര്‍ദനത്തിനു കാരണം. രാത്രി മദ്യപിച്ചുനിന്ന അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തിയ രാജേഷിനെ മര്‍ദിച്ചു. രാജേഷ് സംഭവം സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയും സുഹൃത്തുക്കളെത്തി ചോദ്യം ചെയ്തതോടെ അരുണ്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ആദ്യം ശരത്തിനെയും പിന്നീട് ആദര്‍ശ് ഉള്‍പ്പെടെയുള്ളവരേയും ആക്രമിക്കുകയുമായിരുന്നു. 
സംഭവം നടന്നയുടന്‍ ശരത്തിനെ പാങ്ങോടുള്ള സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരത്തിന്റെ അമ്മ: സിന്ധു. സഹോദരങ്ങള്‍: ശരണ്യ, ശാലിനി. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *