തിരുവനന്തപുരം:ടെക്നോപാര്‍ക്കിന്‍റെ വളര്‍ച്ച മാതൃകയാക്കുന്നതും ഇന്ത്യയിലെ ഐടി കമ്പനികളുമായി സഹകരിക്കുന്നതും തങ്ങളുടെ രാജ്യത്തിനും ഐടി മേഖലയ്ക്കും മുതല്‍ക്കൂട്ടാകുമെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്‍റ് അംഗവും ജനാതാവിമുക്തി പെരമുന (ജെ വി പി) നേതാവുമായ അനുര കുമാര ദിസ്സനായകെ പറഞ്ഞു.
ശ്രീലങ്കന്‍ പ്രതിനിധി സംഘത്തിനൊപ്പം ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടെ ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യുട്ടീവ്ഓഫീസര്‍കേണല്‍ (റിട്ടയേര്‍ഡ്) സഞ്ജീവ് നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം.
നയപരമായ കാര്യങ്ങളിലെ അസ്ഥിരത ശ്രീലങ്കയിലെ ഐടി രംഗത്ത് ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മികച്ച ഐടി ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

ശ്രീലങ്കയുടെ ഐടി മേഖല രാജ്യത്തിന്‍റെ ജിഡിപിയിലേക്ക് 1.2 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് സംഭാവന ചെയ്യുന്നത്. മികച്ച നേട്ടമുണ്ടാക്കാന്‍ ഐടി മേഖലയ്ക്ക് സാധിക്കുമെന്നതിനാല്‍ ടെക്നോപാര്‍ക്കുമായി സഹകരിക്കുന്നത് വളരെയധികം ഫലപ്രദമായിരിക്കും.
ശ്രീലങ്കയിലെ നാഷണല്‍ പീപ്പിള്‍സ് പവറിന് (എന്‍പിപി) കീഴിലുള്ള ഏറ്റവും വലിയ പാര്‍ട്ടിയാണ് ജെവിപി. ഐടി അനുബന്ധ മേഖലയിലെ ചില പ്ലാറ്റ് ഫോമുകളുടെ സേവനം നിലവില്‍ ശ്രീലങ്കയില്‍ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജിഡിപിയില്‍ ഐടി മേഖലയുടെ സംഭാവന എട്ട് വര്‍ഷംകൊണ്ട് 10 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്താനാണ് എന്‍പിപി ലക്ഷ്യമിടുന്നതെന്ന്  പറഞ്ഞു.
ആഗോള ഐടി വ്യവസായത്തില്‍ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്നതായി എടുത്തു പറഞ്ഞ അദ്ദേഹം ഇന്ത്യയുമായുള്ള സഹകരണം ശ്രീലങ്കയുടെ ഐടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്ന് പറഞ്ഞു.
കേരളത്തിലെ ഐടി ആവാസവ്യവസ്ഥയെയും ടെക്നോപാര്‍ക്കിന്‍റെ നേട്ടങ്ങളെയും കുറിച്ച് സിഇഒ സഞ്ജീവ് നായര്‍വിവരിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സംരംഭങ്ങളെ പറ്റിവിശദീകരിച്ച അദ്ദേഹം. ഐടി ഹബ്ബായി ഉയര്‍ന്നുവരുന്നതിന് ശ്രീലങ്ക മികച്ച ബിസിനസ് നയങ്ങള്‍ സ്വീകരിക്കണമെന്നുംസ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. കൂടാതെ മൊബിലിറ്റി മെച്ചപ്പെടുത്തിയും കഴിവുകള്‍ പ്രയോജനപ്പെടുത്തിയും രാജ്യത്തിന് ഐടി രംഗത്ത് ഉയര്‍ന്ന് വരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
വളര്‍ന്നു വരുന്ന സാങ്കേതിക മേഖലകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും കമ്പനികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയും വഴിവമ്പിച്ച പുരോഗതി നേടാനാകുമെന്നും സിഇഒ ചൂണ്ടിക്കാട്ടി.
പരസ്പര സഹകരണത്തിനുള്ള സാധ്യതകള്‍, പ്രതിഭാസമ്പത്ത്, ഭൂമിയുടെ ലഭ്യത എന്നിവയാണ് ഐടി ഹബ്ബ് എന്ന നിലയില്‍ സംസ്ഥാന തലസ്ഥാനത്തെ ആകര്‍ഷകമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടെക്നോപാര്‍ക്കിന്‍റെ തുടക്ക കാലത്ത് ഭൂമി കണ്ടെത്തി കെട്ടിടങ്ങള്‍ സ്ഥാപിക്കുകയും മികച്ച പ്രോത്സാഹനം ലഭ്യമാക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിന്‍റെ പങ്ക് നിര്‍ണായകമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വിജിത ഹെറാത്ത് എംപി, നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) സെക്രട്ടറി ഡോ. നിഹാല്‍ അബേസിങ്കൈ, എന്‍പിപി സാമ്പത്തിക കൗണ്‍സില്‍ അംഗം പ്രൊഫ. അനില്‍ ജയന്ത, കൊളംബോയിലെ ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യ കൗണ്‍സിലര്‍ എല്‍ദോസ് മാത്യു പുന്നൂസ്, ഐസിസിആര്‍ ലെയിസണ്‍ ഓഫീസര്‍ ചിട്യാല മഹേഷ് എന്നിവരും ശ്രീലങ്കന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ടെക്നോപാര്‍ക്ക് പ്രോജക്ട്സ് ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണ്‍, ഐആര്‍ ആന്‍ഡ് അഡ്മിന്‍ മാനേജര്‍ അഭിലാഷ് ഡിഎസ്, ജിടെക് സെക്രട്ടറിയുംടാറ്റാ എല്‍എക്സ്ഐ സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed