തൃശൂര്‍: കര്‍ണാടക വനത്തില്‍ നിന്നും മാനന്തവാടി ജനവാസ പ്രദേശത്തെത്തി കാട്ടാന യുവാവിനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ ജനങ്ങളുടേത് സ്വാഭാവിക പ്രതിഷേധമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. പ്രതിഷേധത്തെ ഏതെങ്കിലും വിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നില്ല.
സ്വാഭാവികമായ പ്രതിഷേധമായിട്ടാണ് സര്‍ക്കാരും കാണുന്നത്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ജനവാസമേഖലയില്‍ ആന സ്വൈര്യവിഹാരം നടത്താന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കേരളത്തിനകത്ത് അനുയോജ്യമായ സ്ഥലത്ത് എത്തിയാല്‍ മയക്കുവെടി വെക്കും. ഇതിനായി വനംവകുപ്പ് ആസ്ഥാനത്തു നിന്നും ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ദൗത്യസംഘങ്ങളും കുങ്കിയാനകളുമെല്ലാം വയനാട്ടില്‍ ദൗത്യത്തിന് തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥരമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ശശീന്ദ്രന്‍. പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തു.
കാട്ടാന ശല്യം അടക്കം രണ്ടു സംസ്ഥാനങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അന്തര്‍ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കമ്മിറ്റി 15-ാം തീയതിക്കകം തന്നെ യോഗം ചേര്‍ന്ന് പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കും.
നിലവിലെ സാഹചര്യം പരിശോധിക്കുന്നതിനും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി വയനാട്ടിലെ വനം വകുപ്പിന്റെ മൂന്നു ഡിവിഷനുകളെ ക്രോഡീകരിച്ച് സ്‌പെഷല്‍ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ചുമതലക്കാരനെയും നിയോഗിക്കും.
വയനാട് ജില്ലയ്ക്കാകെ ഒരു ആര്‍ആര്‍ടി മാത്രമാണുള്ളത്. സ്‌പെഷലായി രണ്ട് ആര്‍ആര്‍ടികള്‍ കൂടി രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് പുറമെ, മറ്റുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഇതിലേക്ക് ഉള്‍പ്പെടുത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed