പാരിസ് – ഈ വര്‍ഷം നടക്കുന്ന പാരിസ് ഒളിംപിക്‌സിന്റെ പ്രതീകമായി ഈഫല്‍ ഗോപുരം മാറും. ഉദ്ഘാടനച്ചടങ്ങ് മുതല്‍ ഒളിംപിക്‌സ് കാലത്തുടനീളം ഈഫല്‍ നിറഞ്ഞുനില്‍ക്കും. മെഡല്‍ നേടുന്നവര്‍ക്ക് ഈഫല്‍ ഗോപുരത്തിന്റെ ഒരു ഭാഗം സമ്മാനമായി ലഭിക്കും. ഒളിംപിക്‌സിന്റെ ചരിത്രത്തിലാദ്യമായാണ് ആതിഥേയ രാജ്യത്തു നിന്നുള്ള സ്മാരകം മെഡലിന്റെ ഭാഗമാവുന്നത്. 
1889 മുതല്‍ ഈഫല്‍ ഗോപുരം പലപ്പോഴായി നവീകരിച്ചപ്പോള്‍ അടര്‍ത്തിയ മാറ്റിയ ലോഹം കൊണ്ട് ഷഡ്ഭുജാകൃതിയില്‍ നിര്‍മിച്ച ഫ്രാന്‍സിന്റെ ഭൂപടം മെഡലുകളില്‍ പതിക്കും. പാരിസ് ഒളിംപിക്‌സിനായി 5084 മെഡലുകളാണ് തയാറാക്കുന്നത്. അതില്‍ മുത്ത് പതിച്ചത് പോലെയാണ് ഈഫലിന്റെ അവശിഷ്ടം കൊണ്ടുള്ള ഫ്രാന്‍സിന്റെ ഭൂപടം ചേര്‍ത്തുവെക്കുക. ആഭരണ രൂപകല്‍പനയില്‍ ലോകപ്രശസ്തമായ ഷോമെയാണ് മെഡലുകള്‍ തയാറാക്കുന്നത്. കളിക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമായ മെഡലുകളില്‍ ഫ്രാന്‍സിന്റെ മെഡലായ ഈഫല്‍ ഇഴചേരുകയാണെന്ന് സംഘാടക സമിതി അധ്യക്ഷന്‍ ടോണി എസ്റ്റാംഗ്വെ പറഞ്ഞു. 
ഓരോ ഒളിംപിക്‌സിന്റെയും പ്രധാന ഘടകമാണ് മെഡലിന്റെ ഡിസൈനുകളും ഉദ്ഘാടന, സമാപനച്ചടങ്ങുകളും ഭാഗ്യചിഹ്നവും. 529 ഗ്രാം ഭാരമുള്ളതാണ് ഇത്തവണ സ്വര്‍ണ മെഡലുകള്‍. വെള്ളി മെഡലിന് 525 ഗ്രാമും വെങ്കലത്തിന് 455 ഗ്രാമും തൂക്കമുണ്ടാവും. അതില്‍ 18 ഗ്രാമാണ് ഈഫലിന്റെ ഭാഗം. ഒളിംപിക് കമ്മിറ്റിയുടെ പ്രത്യേക അനുവാദത്തോടെ മെഡലുകളില്‍ ഈഫലിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട. മെഡലുകളല്ല വിജയികള്‍ക്ക് നല്‍കുന്നതെന്നും ഒരു കലാരൂപമാണെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. 
ജൂലൈ 26 ന് ഉദ്ഘാടനച്ചടങ്ങ് നടക്കുക ഈഫലിന്റെ പശ്ചത്തലത്തില്‍ സെന്‍ നദിയിലാണ്. മാര്‍ച്ച് പാസ്റ്റില്‍ ബോട്ടുകളിലാണ് ടീമുകള്‍ സഞ്ചരിക്കുക. ഈഫലിന് എതിര്‍വശത്തായി അവര്‍ ഇറങ്ങും. സെപ്റ്റംബര്‍ എട്ടിന് പാരാലിംപിക്‌സ് കഴിയുന്നതു വരെ ഒളിംപിക് ദീപം ഈഫലിലായിരിക്കും പ്രകാശിച്ചു നില്‍ക്കുക. 
പാരിസ് ഗെയിംസിനെയും പാരിസിന്റെ പരമ്പരാഗത ചിഹ്നങ്ങളെയും ബന്ധിപ്പിക്കാനാണ് ശ്രമമെന്ന് ക്രിയേറ്റിവ് ഡയരക്ടര്‍ തിയറി റിബൂല്‍ അറിയിച്ചു. ഫ്രാന്‍സിന്റെയും പാരിസിന്റെയും ഏറ്റവും വലിയ പ്രതീകം ഈഫല്‍ ഗോപുരമാണെന്നും അത്‌ലറ്റുകള്‍ക്ക് ലഭിക്കുക പാരിസിന്റെ പ്രതീകവുമായി തിരിച്ചുപോവാനുള്ള അവസരമാണെന്നും അവര്‍ പറഞ്ഞു. 
1780 മുതല്‍ ധനാഢ്യരുടെയും പ്രഭുകുടുംബങ്ങളുടെയും ആഭരണങ്ങള്‍ രൂപകല്‍പന ചെയ്തുവരുന്ന പ്രശസ്ത ആഭരണ ഡിസൈനിംഗ് കമ്പനി ഷോമെയാണ് മെഡലുകള്‍ രൂപകല്‍പന ചെയ്തത്. മുന്‍കാലങ്ങളില്‍ ഈഫല്‍ ഗോപുരത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ശേഖരിച്ച ലോഹം കൊണ്ടാണ് ഇവ തയാറാക്കിയത്. ഈ ലോഹഭാഗങ്ങള്‍ വര്‍ഷങ്ങളായി രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
പുരാതന ഒളിംപിക്‌സിന്റെ വേദിയായ പനതിനായ്‌കോസ് സ്‌റ്റേഡിയത്തില്‍ ഗ്രീക്ക് ദേവത നൈക്കി മുന്നോട്ടേക്ക് കുതിക്കുന്ന രൂപമാണ് 2004 മുതല്‍ മെഡലുകളുടെ പിന്‍ഭാഗത്തുള്ളത്. ഇത്തവണ പ്രത്യേകാനുമതിയോടെ ഗ്രീസിലെ അക്രോപോളിസ് നൈക്കിയുടെ ഒരു ഭാഗത്തും ഈഫല്‍ ഗോപുരം മറുഭാഗത്തുമായി രൂപകല്‍പന ചെയ്തിരിക്കുന്നു. 
പാരാലിംപിക്‌സ് മെഡലുകളില്‍ ഈഫല്‍ ഗോപുരത്തിന്റെ താഴെ നിന്നുള്ള കാഴ്ചയാണ് ചേര്‍ത്തിരിക്കുന്നത്. ബ്രെയ്ല്‍ ലിപിയില്‍ പാരിസ് 2024 എന്നും എഴുതിയിട്ടുണ്ട്. 5084 മെഡലുകളാണ് ആകെയുള്ളത്. ഫ്രഞ്ച് നാണയ നിര്‍മാണകേന്ദ്രം മോണയ് ദെ പാരിസിലാണ് മെഡലുകള്‍ തയാറാക്കിയത്.
 
2024 February 9Kalikkalamtitle_en: Olympic medal monumental prize

By admin

Leave a Reply

Your email address will not be published. Required fields are marked *