മഞ്ഞുമ്മൽ ബോയിസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു സർവൈവൽ ത്രില്ലർ ആണ് ചിത്രമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ജാൻ എ മൻ എന്ന സിനിമക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയിസ്
പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടർന്ന് കൂട്ടത്തിൽ ഒരാൾ ഗുണ കേവിൽ അകപ്പെടുകയും അയാളെ രക്ഷിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുമാണ് സിനിമയുടെ പ്രമേയം.
നടൻ സലിം കുമാറിന്റെ മകൻ ചന്തുവും തമിഴ്നടൻ ജോർജ് മാരിയാനും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത് . സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .