കോട്ടയം: ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിന് നാളെ (ഫെബ്രുവരി 9) തുടക്കമാകും. തുരുത്തിപ്പുള്ളി ചിറയിൽ വൈകിട്ട് 5.30ന് നടക്കുന്ന പരിപാടി ഗായകൻ കൊച്ചിൻ മൻസൂർ ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനിൽ തീം പ്രസന്റേഷൻ നടത്തും. ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് കയാക്കിങ്, കൊട്ടവഞ്ചി, കുതിരസവാരി, ബോട്ടിങ്, ഫാം ടൂറിസം, കലാസന്ധ്യ എന്നിവയുണ്ടാകും.
നാടൻ രുചിക്കൂട്ടുകളുമായി കുടുംബശ്രീയുടെ ഭക്ഷണശാലകളും ഇവിടെ പ്രവർത്തിക്കും. ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ആദ്യ ടൂറിസം ഫെസ്റ്റാണിത്.