ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി, വർദ്ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങൾ, അയൽ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകൽ എന്നിവയ്ക്കിടയിൽ പാകിസ്ഥാൻ ഇന്ന് തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.
പാക്കിസ്ഥാൻ്റെ ദേശീയ അസംബ്ലിയിലക്കും പ്രവിശ്യാ നിയമസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 241 ദശലക്ഷം ജനസംഖ്യയുള്ള പാകിസ്ഥാനിലെ 128 ദശലക്ഷം ജനങ്ങൾ വോട്ട് ചെയ്യാൻ യോഗ്യരാണ്.
രാവിലെ എട്ടുമണിമുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. അതേസമയം അസാധാരണ സാഹചര്യങ്ങളിൽ വോട്ടെടുപ്പിന്റെ സമയം ദീർഘിപ്പിക്കുന്ന തീരുമാനം അധികൃതർക്ക് കൈക്കൊള്ളാം.
തിരഞ്ഞെടുപ്പിൽ ഒരാൾക്ക് രണ്ട് വോട്ടുകൾ വീതം ചെയ്യാം. ഒന്ന് ഫെഡറലും മറ്റൊന്ന് പ്രവിശ്യയും. ഫെഡറൽ ലെജിസ്ലേച്ചറിലേക്ക് 5,121 സ്ഥാനാർത്ഥികളും പ്രവിശ്യകളിലേക്ക് 12,695 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.
അതേസമയം പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ നാലു പ്രധാന മുഖങ്ങൾ മത്സരിക്കുന്നുണ്ട്. സൈനിക മേധാവി അസിം മുനീർ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, നവാസ് ഷെരീഫ്, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ബിലാവൽ ഭൂട്ടോ സർദാരി എന്നിവരാണവർ.
നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായും ബിലാവൽ ഭൂട്ടോ-സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) രണ്ടാം സ്ഥാനത്തും എത്തുമെന്നാണ് ചില മാധ്യമങ്ങൾ പ്രവചിക്കുന്നത്. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫും മറ്റ് പാർട്ടികളും നേട്ടമുണ്ടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.