യു കെ: വിദേശ ഇന്ത്യക്കാർക്ക് ഇരുട്ടടി നൽകിക്കൊണ്ട്, വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളിൽ ഒരാൾ വിദേശ പൗരത്വമെടുക്കുന്ന പക്ഷം, അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഇന്ത്യൻ പൗരത്വമുണ്ടാവില്ല എന്ന നിയമം കർശനമാക്കി.
ഈ നിയമം മലയാളികൾ ഉൾപ്പടെ കുറച്ചധികം വിദേശ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. ഇത് നിലവിൽ വിദേശങ്ങളിലുള്ള പലർക്കും അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഇന്ത്യൻ പൗരത്വം നഷ്ട്‌ടപ്പെടാൻ ഇടയാക്കും. മൈനറായ കുട്ടികൾക്കു നിലവിലെ നിയമം അനുസരിച്ചു അഞ്ചു വർഷത്തേക്കാണ് പാസ്പോർട്ട് നൽകുന്നത്.
ഇങ്ങനെ ഒരു നിയമം ഉണ്ട് എന്ന കാര്യം സ്വദേശത്തും വിദേശത്തുമുള്ള പലർക്കും അറിവുള്ളതല്ല. ലണ്ടനിൽ സ്ഥിരതാമസക്കാരായ ഒരു മലയാളി കുടുംബം തങ്ങളുടെ ഇളയ കുട്ടിയുടെ പാസ്പോർട്ട് പുതുക്കാനെത്തിയപ്പോഴാണ് അധികൃതർ ഈക്കാര്യം ചൂണ്ടികാണിച്ചത്. കുട്ടിയുടെ മാതാവ് അടുത്തിടെയാണ് ബ്രിട്ടിഷ് പൗരത്വമെടുത്തത്.
കൂടുതൽ അന്വേഷണത്തിൽ വ്യക്തമാകുന്നത്, ഈ വ്യവസ്‌ഥ രണ്ടാഴ്‌ച മുൻപ് തന്നെ കർശനമാക്കി എന്നാണ്. നിയമം കർശനമാക്കി എന്ന് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി.
പൗരത്വം സംബന്ധിച്ച നിയമങ്ങൾ കാലാകാലത്തിനനുസരിച്ചു പുതുക്കുന്നത്തിനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം ഇറക്കിയിട്ടുമുണ്ട്. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാനാഗ്രഹിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണമെന്ന മുന്നറിയിപ്പുമായാണ് നോട്ടിസാണ് ഇറക്കിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം ഇറക്കിയിരിക്കുന്ന നോട്ടീസ് അനുസരിച്ച് 1955 – ലെ ഇന്ത്യൻ ശിക്ഷാനിയമം 8- ആം വകുപ്പിലെ സബ് സെക്ഷൻ 1 പ്രകാരം, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ (മാതാവോ പിതാവോ) പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമെന്ന് വ്യക്തമാക്കുന്നു.
നിർദിഷ്ട ഫോമിൽ ഇന്ത്യൻ പൗരത്വം തുടരാനാഗ്രഹിക്കുന്നുവെന്ന് കുട്ടി മൈനർ പദവി തീരുന്ന പ്രായമെത്തുമ്പോൾ അറിയിക്കുന്ന പക്ഷം പൗരത്വം ലഭിക്കുമെന്നും നോട്ടിസിൽ പറയുന്നു.