കേരള പബ്ലിക് സര്‍വ്വീസ് ചെയര്‍മാനായി ടി.എം സാവാന്‍ കുട്ടിയെ നിയമിക്കണം എന്ന മുസ് ലിം ലീഗിന്റെ ആവശ്യത്തെ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ ‘അഞ്ച് എം.എല്‍.എമാര്‍ മാത്രമുള്ള പാര്‍ട്ടിയുടെ നോമിനിയെ ചെയര്‍മാന്‍ ആക്കുകയോ?’ എന്ന ചോദ്യം കൊണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ സി.എച്ച് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:
‘5 എം.എല്‍.എമാര്‍ക്കല്ല ഇത്, 75 ലക്ഷം വരുന്ന ഒരു സമുദായത്തിനു വേണ്ടിയാണ് ‘ കോഴിക്കോട് ഭഗവതി ക്ഷേത്ര ഭൂമി പൊന്നും വിലക്കെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചിലര്‍ എതിര്‍ത്തപ്പോള്‍ ‘ആരാധനാലയങ്ങള്‍ക്കുമേല്‍ കൈവെക്കരുത്’ എന്നതായിരുന്നു ലീഗിന്റെ, സി.എച്ചിന്റെ ഉറച്ച നിലപാട്. എന്നാല്‍ ഇതേ സി.എച്ച് മുഹമ്മദ് കോയ തന്നെ ‘ബഹറില്‍ മുസല്ലയിട്ടു നമസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുത് ‘ എന്ന് പ്രഖ്യാപിക്കാനും ആര്‍ജവം കാട്ടി.
ചരിത്രകാരന്‍ ഡോ: എം.ഗംഗാധരന്‍ ലീഗിനു നല്‍കുന്ന വിശേഷണം ‘ഇസ് ലാമികമായ സ്വത്വബോധത്തെ നിലനിര്‍ത്തുന്നതോടൊപ്പം ജീവിക്കുന്ന സവിശേഷ സാഹചര്യം കൂടി വിലയിരുത്തി മുസ് ലിംകളെ മതേതര രാഷ്ട്രീയത്തില്‍ പങ്കെടുപ്പിക്കാന്‍ പ്രാപ്തരാക്കി ‘ എന്നത്രെ (മാപ്പിള പഠനങ്ങള്‍ ).
 ഇനി പോയ വാരത്തിലെ ലീഗ് രാഷ്ട്രീയ ചലനങ്ങള്‍ പരിശോധിക്കുക: ബഹു: ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, മോഡ്‌യുടെയും അമിത്ഷായുടെയും കണ്‍മുന്നില്‍ ചെയ്ത, പോരാട്ട വീര്യമുള്ള പ്രസംഗമാണ് അതില്‍ മുഖ്യം. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന മുസ് ലിംകള്‍ ഇന്ത്യയില്‍ തന്നെ ജീവിക്കും എന്ന് അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്ന പ്രഭാഷണത്തില്‍ 20 കോടിയിലധികം വരുന്ന സമുദായത്തെ ബാധിക്കുന്നതും ഒപ്പം മതേതര വിശ്വാസികളായ ജനകോടികളെ ഉത്കണ്ഠ പ്പെടുത്തുന്നതുമായ ബാബരി മസ്ജിദ്, രാമക്ഷേത്രം, ഗ്യാന്‍വാപി മസ്ജിദ്, ദല്‍ഹി മെഹ്‌റോളി മസ്ജിദ്, പൗരത്വ വിവേചന നിയമം, ഏക സിവില്‍ കോഡ്, ജനപ്രതിനിധികള്‍ക്കെതിരെ ചുമത്തുന്ന കള്ളക്കേസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതല്‍, വ്യവസായങ്ങളുടെ തകര്‍ച്ച തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു!
 പ്രസ്തുത പ്രസംഗം ശ്രവിക്കുന്ന ആര്‍ക്കും ഇ.ടിയുടെ ബോഡീ ലാംഗ്വേജിലെ സമരവീര്യത്തിലെ സത്യസാക്ഷ്യം വായിച്ചെടുക്കാം! (ഫിര്‍ഔന്റെ കൊട്ടാരത്തില്‍ മൂസാ പ്രവാചകന്‍  മോസസ്  നിര്‍വ്വഹിച്ച ചരിത്രപ്രസംഗമായി ഇ.ടിയുടെ വാക്കുകളെ കാണേണ്ടതില്ലെങ്കിലും മലയാളത്തിലെ ദൃശ്യ/ ശ്രവ്യ മാധ്യമങ്ങള്‍ ഈ പാര്‍ലമെന്റു പ്രസംഗത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ല എന്ന കാര്യം പറയാതെ വയ്യ! )
ദല്‍ഹി കണ്ട മറ്റൊരു ധീര പോരാട്ടമായിരുന്നു ഇ.ടി യും അബ്ദുസ്സമദ് സമദാനിയും നവാസ് ഗനിയും സംഘ് ഫാഷിസത്തിനെതിരെ പ്ലക്കാര്‍ഡുയര്‍ത്തി മുദ്രാവാക്യങ്ങളുയര്‍ത്തി പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമക്കു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ. സവര്‍ണ രാഷ്ട്രീയം വേട്ടയാടുന്ന ഇസ് ലാം / മുസ് ലിം ഐഡന്റിറ്റിയെ പ്രതിരോധിക്കാന്‍ രാജ്യ തലസ്ഥാനത്ത് ആകപ്പാടെയുണ്ടായത് ഈ മൂന്ന് ലീഗ് എം.പിമാര്‍ മാത്രമാണ് എന്ന വസ്തുതയില്‍ എന്തുമാത്രം പാഠങ്ങളില്ല.! (കേരളത്തിലെ വലതുപക്ഷ എം.പിമാര്‍ എവിടെപ്പോയി? എന്ന് ദേശാഭിമാനി ചോദ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇടതുപക്ഷ എം.പിമാര്‍ എവിടെപ്പോയി? എന്ന വായനക്കാരുടെ സാമാന്യയുക്തിയെ അവര്‍ വിസ്മരിച്ചു!)
പി.വി അബ്ദുല്‍ വഹാബിന്റെ പ്രസംഗമാണ് എടുത്തു പറയേണ്ട മറ്റൊന്ന്.1991ലെ ആരാധനാ നിലയ നിയമത്തിന്റെ ലംഘനമാണ് വാരാണസി കോടതിയുടെ ഗ്യാന്‍വാപി മസ്ജിദ് വിധി എന്ന് രാജ്യസഭയില്‍ തുറന്നടിക്കാന്‍ മടിച്ചില്ല മുസ് ലിം ലീഗിന്റെ ഈ എം.പി. ഖേദകരമെന്നു പറയട്ടെ, ഐ.യു.എം.എല്‍ ദേശീയ രാഷ്ട്രീയത്തില്‍ നടത്തിയ ശ്രദ്ധേയമായ ഈദൃശ ചുവടുവെപ്പുകളുടെ നിറം കെടുത്തുന്നതായി തൊട്ടുടനെ ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെതായി പുറത്തു വന്ന പ്രസംഗം.
ബാബരി മസ്ജിദ് തച്ചു തകര്‍ത്ത് അതേ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിച്ച ഭീകരമായ അനീതി ‘മതേതരത്വത്തെ ശക്തിപ്പെടുത്തു’മത്രെ! സാദിഖലി തങ്ങളുടെ ഈ വാക്കുകള്‍ കേട്ട് അന്തം വിട്ടിരിക്കുകയാണ് ലീഗണികള്‍ ഉള്‍പ്പെടെയുള്ള മുസ് ലിം സമുദായവും കേരളത്തിലെ പൊതു സമൂഹവും. എത്ര നിഷേധിച്ചാലും സ്വയം സംസാരിക്കുന്നതാണ് തങ്ങളുടെ വിവാദ വാക്കുകള്‍. ‘നാക്കു പിഴ’അല്ല, മറിച്ച് തീരുമാനിച്ചുറച്ചു പറഞ്ഞതു പോലെയാണ് പ്രസ്തുത വരികളുടെ രാസഘടന! അതു തന്നെയാണ് നമ്മെ അമ്പരപ്പിക്കുന്നതും.
ബഹു: തങ്ങളെ ആദരപൂര്‍വ്വം ഒരു കാര്യം ഓര്‍മപ്പെടുത്തട്ടെ: സംഘ് ഫാഷിസം വിരട്ടിയാല്‍ കീഴടങ്ങുന്നതല്ല പുതിയ തലമുറ ഉള്‍പ്പെടെയുള്ള മുസ് ലിം സമുദായം. പാര്‍ട്ടി അണികളിലും ചുറ്റുവട്ടത്തും സംഭവിക്കുന്ന മാറ്റങ്ങള്‍ നേതൃത്വം അറിയാതെ പോകരുത്. സ്വാതന്ത്ര്യ സമരത്തിലും ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തിലും മുസ് ലിം സമാജം നിര്‍വ്വഹിച്ച അനിഷേധ്യ പങ്കിനെ പറ്റി എല്ലാ വിഭാഗത്തിലും പെട്ട വിശിഷ്യ യുവ തലമുറ ഏറെ ബോധവാന്മാരാണിപ്പോള്‍. ലീഗ് ഉയര്‍ത്തുന്ന സൗഹൃദ രാഷ്ട്രീയത്തിന്നകത്തു തന്നെ ഒരുതരം സമരോത്സുകത ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് മുസ് ലിം ലീഗും യൂത്ത് ലീഗും എം.എസ്.എഫും ഹരിതയും പൗരത്വ വിവേചന വിരുദ്ധ സമര കാലത്തുള്‍പ്പെടെ വിവിധ രൂപേണ തെളിയിച്ചിട്ടുണ്ട്.
മുസ് ലിംകളാദി ന്യൂനപക്ഷങ്ങളുടെ മാന്യമായ നിലനില്‍പ്പും അതിജീവനവും നവ ജനാധിപത്യ ചിന്തകളും സ്ത്രീ ശാക്തീകരണവും പരിസ്ഥിതി അവബോധവും വിശിഷ്യ ന്യൂ ജനില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സാമ്രാജ്യത്വം, ലിബറലിസം ജെന്‍ഡര്‍ വ്യവഹാരങ്ങളുടെ രാഷ്ട്രീയം തുടങ്ങി മത / മതേതര വിഷയങ്ങളിലൊക്കെ ദിശാബോധത്തോടെ സംവദിക്കാന്‍ കെല്‍പ്പുള്ളവരാണവര്‍. ദയവു ചെയ്ത് ഈ രാഷ്ടീയ / സാംസ്‌കാരിക ഉയിര്‍പ്പിനെ തളര്‍ത്തരുത്. ഇളമുറക്ക് പ്രതീക്ഷ പകരുന്നതിനു പകരം അവരെ നിരാശപ്പെടുത്തരുത്. വിപ്ലവ വീര്യമുള്ള ഈ ജനതയെ ഷണ്ഡീകരിക്കരുത്! നിതാന്തമായ രാഷ്ട്രീയ / ആത്മീയ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിത്. കേരളം ഒരിക്കലും സംഘ് ഫാഷിസത്തിന് വിഷപ്പല്ലുകളാഴ്ത്താനുള്ള അവസരം നല്‍കിയിട്ടില്ല. അതിനാല്‍ ആര്‍.എസ്.എസിന് മാന്യത നല്‍കരുത്. ആലോചിച്ചുറപ്പിച്ചാണ് തങ്ങള്‍ പറഞ്ഞതെങ്കില്‍ പറഞ്ഞ വാക്കുകള്‍, അതിലുപരി പ്രസ്തുത വാക്കുകളിലെ അബദ്ധ ചിന്ത ബഹു: തങ്ങള്‍ പിന്‍വലിച്ചേ തീരൂ. തീര്‍ച്ചയായും തങ്ങളെപ്പോലുള്ള ഉന്നത വ്യക്തിത്വത്തില്‍ നിന്ന് ആ മാന്യതയാണ്  പ്രതീക്ഷിക്കുന്നത്.
ഒപ്പം ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗിന്റെ ഒരു സംഭാവനയും അംഗീകരിക്കാന്‍ വിശാലതയില്ലാത്ത ‘ഉപദേശികള്‍’ദയവു ചെയ്ത് സ്വന്തം നിലപാടുകളോട് സത്യസന്ധത കാട്ടണം എന്നുകൂടി ഉണര്‍ത്തട്ടെ! ലീഗിനോട് നമുക്ക് വിയോജിപ്പുകള്‍ ഉണ്ട്. അതേയവസരം നവകേരള സൃഷ്ടിപ്പിലും സമുദായത്തിന്റെ വിദ്യാഭ്യാസ/ അധികാര പങ്കാളിത്തത്തിലും ശീതളഛായ പകര്‍ന്ന നൂറ്റാണ്ട് പ്രായമുള്ള വടവൃക്ഷമാണ് മുസ് ലിം ലീഗ് എന്നത് മറക്കരുത്. ( ഒന്നിച്ചിരുന്നെങ്കില്‍ ഗുജറാത്ത് നിയമസഭയില്‍ മാത്രം 17 എം.എല്‍.എമാരെ വരെ സംഭാവന ചെയ്യാന്‍ മുസ് ലിംകള്‍ക്ക് കഴിയുമായിരുന്നത്രെ! )
ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പൊതു ശത്രുവിനെതിരെ ഇരകള്‍ ഐക്യപ്പെട്ട് ഉറങ്ങാത്ത മനസ്സുമായി ഉണര്‍ന്നിരിക്കേണ്ട കെട്ട കാലത്താണ് നാം ജീവിക്കുന്നതെന്ന കാര്യം ആരും വിസ്മരിക്കരുത്. ഇസ് ലാം / മുസ് ലിം അപരവത്കരണം കേരളത്തെപ്പോലും കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ നിലനില്‍ക്കുന്ന സംഘടിത ശക്തിയെ തകര്‍ക്കാനല്ല, ആരോഗ്യകരമായി പരിവര്‍ത്തിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.
വാട്‌സ്ആപ്പില്‍ വലിയ മാറ്റം വരുന്നു; ഇതര ആപ്പുകളുടെ ചാറ്റും അനുവദിക്കും
VIDEO ഓടുന്ന ബസിലെ ദ്വാരത്തിലൂടെ യാത്രക്കാരി താഴേക്ക് വീണു
റെസിഡന്‍സി നടപടി പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം, പതിനായിരം റിയാല്‍ വരെ പിഴ 
2024 February 7open pageMuslim leagueIUMLsadikali thangalജെ.കെtitle_en: league critics should remember

By admin

Leave a Reply

Your email address will not be published. Required fields are marked *