മലയാളികൾ ഉൾപ്പടെ ആഘോഷമാക്കി മാറ്റിയ പാൻ-ഇന്ത്യ ചിത്രമായിരുന്നു അനിമൽ. തീയേറ്റർ റിലീസിന് ശേഷം ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയതോടെ ചിത്രത്തിന്റെ ജനപ്രീതി കൂടുകയായിരുന്നു. സന്ദീപ് റെഡ്ഡി വാംഗയുടെ ചിത്രം ബോക്സോഫീസിൽ 900 കോടി രൂപയാണ് സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. രൺബീർ സിംഗ് – രശ്മിക മന്ദാന ജോഡികളുടെ പ്രകടനവും വലിയ രീതിയിൽ ചർച്ചയായി. സിനിമ ഹിറ്റായെങ്കിലും വിവാദങ്ങൾക്കും പഞ്ഞമുണ്ടായിരുന്നില്ല.
അനിമൽ സിനിമയുടെ വിജയക്കുതിപ്പിന് ശേഷം രശ്മിക മന്ദാന ഈടാക്കുന്ന പ്രതിഫലം കോടികളാണെന്നും ഇക്കാര്യത്തിൽ നടി നടത്തിയ പ്രതികരണവുമാണ് ഏറ്റവും ഒടുവിലത്തെ വിവാദം. ഒരു സിനിമയ്‌ക്ക് മാത്രം 4-5 കോടി രൂപയാണ് രശ്മിക ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ അനിമൽ താരത്തിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നു. ഒറ്റയടിക്ക് പതിന്മടങ്ങ് വേതനം വർദ്ധിപ്പിച്ചതിന് നടിക്കെതിരെ നിരവധിയാളുകൾ രംഗത്തുവന്നു. ഇതോടെ വിഷയത്തിൽ വിശദീകരണവുമായി നേരിട്ട് എത്തിയിരിക്കുകയാണ് രശ്മിക. ഫിലിമി ബൗൾ എന്ന ട്വിറ്റർ പേജിൽ വന്ന പോസ്റ്റിന് കീഴെ കമന്റായാണ് രശ്മികയുടെ മറുപടി.
“ഇതെല്ലാം കണ്ടിട്ട് ഞാനിപ്പോൾ കരുതുന്നത് ശരിക്കും വേതനം കൂട്ടണം എന്നുതന്നെയാണ്. എന്തുകൊണ്ടാണെന്ന് നിർമ്മാതാക്കൾ എന്നോട് ചോദിച്ചാൽ അപ്പോഴെനിക്ക് മറുപടി പറയാമല്ലോ.. മാദ്ധ്യമങ്ങൾ പറയുന്നത് ഞാൻ ഇത്രയൊക്കെ പ്രതിഫലം ചോദിക്കുന്നുണ്ടെന്നാണ്. എങ്കിൽ പിന്നെ അവർ പറയുന്നത് പോലെ എനിക്ക് നീങ്ങാമല്ലോ.. അതല്ലാതെ എന്തു ചെയ്യും?”- രശ്മിക വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രശ്മികയുടെ പ്രതിഫലം സംബന്ധിച്ച വിവാദത്തിന് തിരികൊളുത്തിയവർക്ക് ചേർന്ന തക്ക മറുപടി തന്നെയാണ് താരം നൽകിയതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.