ഡല്‍ഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) പേരും അതിൻ്റെ ക്ലോക്ക് ചിഹ്നവും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് നൽകണമെന്ന് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് മിനിറ്റുകൾക്ക് ശേഷം ശരദ് പവാർ വിഭാഗം മാദ്ധ്യമങ്ങളെ കണ്ടിരുന്നു.
മുതിർന്ന നേതാവായ ശരദ് പവാർ പാർട്ടിയുടെ പേരും ചിഹ്നവും ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘം അറിയിച്ചു.
നാഷണലിസ്റ്റ്, കോൺഗ്രസ് എന്നീ വാക്കുകൾ നിലനിർത്തുന്നതാണ് പുതിയ പേരെന്ന് പവാറിൻ്റെ പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഉദയ സൂര്യൻ, ചക്രം, ട്രാക്ടർ എന്നിവ പാർട്ടിയുടെ പുതിയ ചിഹ്നത്തിനുള്ള ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.
മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കാനിരിക്കുന്നതിനാൽ ബുധനാഴ്ച വൈകിട്ട് നാല് മണിക്കകം പവാർ ഗ്രൂപ്പിനോട് പുതിയ പേര് അവകാശപ്പെടാനും, മൂന്ന് മുൻഗണനകൾ നൽകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
“വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് പുതിയ പേരും പാർട്ടിയും തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ഞങ്ങൾ അത് ചെയ്യും,” ശരദ് പവാറിൻ്റെ മകളും ബാരാമതിയിൽ നിന്നുള്ള ലോക്‌സഭാ എം.പിയുമായ സുപ്രിയ സുലെ പറഞ്ഞു.