ചിക്കാഗോ: യുഎസിലെ ചിക്കാഗോയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ ആയുധധാരികൾ ആക്രമിച്ച് ഫോൺ കവർന്നു. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയാണ് അമേരിക്കയിൽ ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി നാലിനാണ് സംഭവം.
വെസ്റ്റ് റീജിലെ അദ്ദേഹത്തിൻറെ അപ്പാർട്ട്മെൻ്റിന് സമീപം വച്ച് ആയുധധാരികളായ അക്രമികൾ അലിയെ ആക്രമിക്കുകയായിരുന്നു എന്ന് എബിസി-7 ചിക്കാഗോ എന്ന മാധ്യമം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം ആക്രമിക്കപ്പെട്ട അലിക്ക് ശരിയായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹത്തിൻ്റെ കുടുംബം ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അലി ചിക്കാഗോയിലെ ഇന്ത്യാന വെസ്‌ലിയൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. ആക്രമണം സംബന്ധിച്ച് അലിയുടെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ വീട്ടിലേക്ക് പോകുമ്പോൾ നാല് പേർ തന്നെ ആക്രമിച്ചതായി അലി പറയുന്നത് കേൾക്കാം.
ഞാൻ ഭക്ഷണവും വാങ്ങി വീട്ടിലേക്ക് വരുമ്പോൾ നാല് പേർ എന്നെ വളയുകയും ചവിട്ടുകയും മർദിക്കുകയും എൻ്റെ ഫോൺ പിടിച്ചു വാങ്ങി രക്ഷപ്പെടുകയും ചെയ്തു എന്ന് അലി പറയുന്നു. ഇക്കാര്യത്തിൽ ദയവായി ആരെങ്കിലും എന്നെ സഹായിക്കണമെന്നും അലി അഭ്യർത്ഥിക്കുന്നുണ്ട്.
മറ്റൊരു വീഡിയോയിൽ അക്രമികൾ അലിയെ മർദ്ദിച്ച ശേഷം രക്ഷപ്പെടുവാനായി ഓടിമറയുന്നതും കാണാൻ കഴിയുന്നുണ്ട്. `അക്രമികൾ എൻ്റെ കണ്ണിൽ കുത്തി. എൻ്റെ മുഖത്തും വാരിയെല്ലിലും മുതുകിലും ചവിട്ടി”- അലി പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭാര്യയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടുന്നതാണ് അലിയുടെ കുടുംബം. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ യുഎസിലേക്ക് പോകാനുള്ള സഹായം അഭ്യർത്ഥിച്ച് ഭാര്യ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സമീപിച്ചിരിക്കുകയാണ്.
ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച അലിയുമായും ഭാര്യയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും അവർക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. “കോൺസുലേറ്റ് ഇന്ത്യയിലെ സയ്യിദ് മസാഹിർ അലിയുമായും ഭാര്യ സയ്യിദ റുഖിയ ഫാത്തിമ റസ്‌വിയുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ കോൺസുലേറ്റ് സമൂഹത്തിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായും ബന്ധപ്പെട്ടിട്ടുണ്ട്´´- ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് എക്‌സിലൂടെ വ്യക്തമാക്കിയിരുന്നു.