കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് ലീഗായി മാറാനൊരുങ്ങി സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍). പൂനെയില്‍ സമാപിച്ച ഉദ്ഘാടന റേസിങിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. ടിവിയിലും ഒടിടിയിലും തത്സമയ സംപ്രേക്ഷണത്തിലൂടെ 9000ലധികം ആരാധകരെയാണ് ലീഗ് നേടിയത്. 
350 കോടി രൂപയുടെ പ്രീസീസണ്‍ ഓപ്പണിങ് മൂല്യത്തിനൊപ്പം, പ്രമോഷനിലും ഗ്രൗണ്ട് ആക്ടിവേഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്പനി അടുത്തിടെ അതിന്റെ 3% ഓഹരികള്‍ ഡൈലൂട്ട് ചെയ്തിരുന്നു. ആദ്യ റേസിന് തൊട്ടുപിന്നാലെ 450 കോടി രൂപയുടെ അമ്പരപ്പിക്കുന്ന മൂല്യനിര്‍ണയത്തിനായി ഓഹരിയുടെ 2% ഡൈലൂട്ട് ചെയ്യാന്‍ പ്രമോട്ടര്‍മാര്‍ സ്വകാര്യ നിക്ഷേപകരുമായി ചര്‍ച്ചയിലുമാണ്. പരമാവധി പ്രേക്ഷകരിലേക്ക് എത്തുകയും കായികരംഗത്തെ ഔന്നത്യം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്.  2025 അവസാനത്തോടെ 1000 കോടി രൂപയുടെ മൂല്യമാണ് ഐഎസ്ആര്‍എല്‍ ലക്ഷ്യമിടുന്നത്.
സിയറ്റിനെ ടൈറ്റില്‍ സ്‌പോണ്‍സറായും, ടൊയോട്ട ഹൈലക്‌സിനെ വെഹിക്കിള്‍ പാര്‍ട്ണറായും, ആക്‌സോറിനെയും കവാസാക്കി ഇന്ത്യയെയും ഇന്‍ഡസ്ട്രി പാര്‍ട്ണര്‍മാരായും ഐഎസ്ആര്‍എല്‍ സുപ്രധാന ഇടപാടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 എന്നിവയിലൂടെ വയാകോ18ന് സംപ്രേക്ഷണാവകാശവും അനുവദിച്ചു. ലോകമെമ്പാടുമുള്ള 120ലധികം റൈഡര്‍മാരില്‍ നിന്ന് രജിസ്‌ട്രേഷനിലൂടെയും ലീഗ് ആഗോള കായിക സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണം നേടിയിരുന്നു. ലീഗിന്റെ ആദ്യ സീസണില്‍ അഹമ്മദാബാദിലെയും ന്യൂഡല്‍ഹിയിലെയും റേസുകളാണ് ഇനി അവശേഷിക്കുന്നത്.
2015ലാണ് ഞങ്ങള്‍ ലീഗുമായി ബന്ധപ്പെട്ട ആശയം രൂപപ്പെടുത്തിയെന്നും, ആദ്യറേസ് കടലാസില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്ക് മാറാന്‍ ഏകദേശം ഒരു ദശാബ്ദമെടുത്തെന്നും സിയറ്റ് ഐഎസ്ആര്‍എല്‍ ഡയറക്ടറും സഹസ്ഥാപകനുമായ വീര്‍ പട്ടേല്‍ പറഞ്ഞു. 350 കോടി രൂപയുടെ പ്രീസീസണ്‍ മൂല്യനിര്‍ണയമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.  ഇത് വിപണി സാധ്യതയുടെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തിന്റെയും യഥാര്‍ഥ സാക്ഷ്യമാണ്. മൂന്നാം സീസണിന് ശേഷം 1000ലേറെ കോടി രൂപയുടെ മൂല്യനിര്‍ണയം ലീഗിന് നേടാനാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *